നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ട്രമ്പിന്റെ നീക്കത്തില്‍ പ്രകോപിതരാകില്ലെന്ന് മെക്‌സിക്കോ


JUNE 1, 2019, 4:10 AM IST

മെക്‌സിക്കോ സിറ്റി: അനധികൃത കുടിയേറ്റം പൂര്‍ണമായി തടയുന്നതു വരെ മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ തീരുമാനത്തില്‍ പ്രകോപിതരാകില്ലെന്ന് മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡേഴ്‌സ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ പ്രസ്താവിച്ചു. അമേരിക്ക ആദ്യം എന്ന ട്രമ്പിന്റെ മുദ്രാവാക്യം കാപട്യമാണെന്നും, അതിര്‍ത്തികളേക്കാള്‍ ആഗോള നീതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സാസിലെ എല്‍ പാസോയില്‍ ആയിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഘത്തെ യു.എസ് ബോര്‍ഡര്‍ ഫോഴ്‌സ് തടഞ്ഞതിന്റെ പിറ്റേന്നാണ്  നികുതി വര്‍ധന ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രമ്പിന്റെ പ്രഖ്യാപനം വന്നത്. അതിര്‍ത്തി സേന തടയുന്ന ഏറ്റവും വലിയ ഗ്രൂപ്പാണിത്. രാജ്യത്തിനകത്തു കൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഗ്രൂപ്പ് ഉള്‍പ്പെടെ എല്ലാ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേയും നടപടി സ്വീകരിക്കുവാന്‍ മെക്‌സിക്കോയ്ക്ക് കഴിയുമായിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഈ ഗ്രൂപ്പിലുള്ളവരെ അറസ്റ്റ് ചെയ്ത് അവരുടെ രാജ്യത്തേക്ക് മടക്കി അയക്കാമായിരുന്നു. പക്ഷേ, അവര്‍ ഒന്നും ചെയ്തില്ലെന്ന് സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നു വരുന്ന അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയ്ക്ക് രാജ്യത്തിന്റെ നിയമമനുസരിച്ച് തന്നെ തടയാവുന്നേതയുള്ളൂവെന്ന് അവര്‍ ഓര്‍മിപ്പിച്ചു. 

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്കും ജൂണ്‍ പത്തു മുതല്‍ അഞ്ചു ശതമാനം നികുതി ഈടാക്കുമെന്നാണ് ട്രമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കുടിയേറ്റം പൂര്‍ണമായി അവസാനിക്കുന്നതു വരെ നികുതി തുടരുമെന്നും , ജൂലൈ ഒന്നു മുതല്‍ നികുതി 10 ശതമാനമായി ഉയരുമെന്നും, ഓരോ മാസം കഴിയുമ്പോഴും നികുതി അഞ്ചു ശതമാനം വീതം ഉയര്‍ത്തുമെന്നുമാണ് ട്രമ്പിന്റെ ഭീഷണി. മെക്‌സിക്കോ വഴിയുള്ള അനധികൃതു കുടിയേറ്റം തടയുന്നതിന് ട്രമ്പ് ഫെബ്രുവരിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 


Other News