വംശീയ അധിക്ഷേപം:ട്രംപിനെതിരായ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു 


JULY 19, 2019, 2:41 AM IST

വാഷിങ്ടൻ:അമേരിക്കൻ കോൺഗ്രസിലെ പുതുമുഖങ്ങളായ നാല് ഡെമോക്രാറ്റ് വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച  പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കുള്ള നീക്കം ജനപ്രതിനിധി സഭയിൽ പരാജയപ്പെട്ടു.മതിയായ പിന്തുണ ഇംപീച്ച്മെന്റ് നീക്കത്തിന് സഭയിൽ ലഭിച്ചില്ല.പരിഹാസ്യമായ നീക്കമാണ് തനിക്കെതിരെ നടത്തിയതെന്ന് ട്രംപ് പ്രതികരിച്ചു.

അലക്‌സാൻഡ്രിയ ഒക്കാസിയൊ കോർടസ്, ഇൽഹാൻ ഒമർ, അയാന പ്രസ്‌ലി, റഷീദ താലിബ് എന്നീ  വനിതാ അംഗങ്ങളോട്  ‘വന്ന വഴി തിരിച്ചുപോകാൻ’ ആവശ്യപ്പെട്ടു ട്രംപ്  ട്വീറ്റു ചെയ്‌തതാണ്‌ വൻ വിവാദത്തിനും പ്രതിഷേധങ്ങൾക്കും വഴിവച്ചത്.തന്നെയും രാജ്യത്തെയും വിമർശിക്കുന്നുവെന്ന പേരിലാണ‌് നാലുപേർക്കുമെതിരെ ട്രംപ‌് ആഞ്ഞടിച്ചത‌്.

‘ഈ സ‌്ത്രീകൾ തകർന്നടിഞ്ഞ ഭരണമുള്ള രാജ്യങ്ങളിൽനിന്ന‌് വന്നവരാണ‌്. അവരാണിപ്പോൾ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം എങ്ങനെ ഭരിക്കണമെന്ന‌് പഠിപ്പിക്കുന്നത‌്. അവരുടെ രാജ്യങ്ങളിൽ ഏറെ പണിചെയ്യാനുണ്ട‌്. അങ്ങോട്ടുപോകുന്നതാണ‌് നല്ലത‌്’–- ട്രംപ‌് അധിക്ഷേപിച്ചത് ഇങ്ങനെയായിരുന്നു.

പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ  ജനപ്രതിനിധി സഭ നേരത്തെ പ്രമേയം പാസാക്കുകയുണ്ടായി.പ്രമേയം 435 അംഗ ജനപ്രതിനിധി സഭ 184 നെതിരെ 240 വോട്ടുകൾക്കാണ് പാസാക്കിയത്. പ്രസിഡന്റിനെതിരെ സഭയിൽ ഇത്തരം പ്രമേയം അംഗീകരിച്ച സംഭവം വിരളമാണ്. 

Other News