ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന


JULY 4, 2020, 11:14 AM IST

ഡാളസ്: കോവിഡ് കേസുകള്‍ ഡാളസ് കൗണ്ടിയില്‍ അനിയന്ത്രിതമായി പെരുകുന്നു. ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്.

നേരത്തെ എഴുന്നൂറിലേറെ പേര്‍ക്ക് രോഗം ബാധിച്ചതാണ് ഏറ്റവും കൂടുതലെങ്കില്‍ വെള്ളിയാഴ്ച പുതിയ രോഗികളുടെ എണ്ണം 1085 ആയി ഉയര്‍ന്നു. ആറുപേരാണ് ഡാളസ് കൗണ്ടിയില്‍ വെള്ളിയാഴ്ച മരിച്ചത്. 

ഡാളസിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹുയാംഗ് പറഞ്ഞു. ജനങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 

മാര്‍ച്ച് മാസം മുതല്‍ ഇതുവരെ 23675 പേര്‍ക്കാണ് ഡാളസ് കൗണ്ടിയില്‍ രോഗബാധയുണ്ടായത്. കോവിഡ് ബാധിച്ച് 393 പേര്‍ മരിച്ചതായും കൗണ്ടി ജഡ്ജ് ക്ലെ ജന്‍ങ്കിന്‍സ് പറഞ്ഞു. ഈ ആഴ്ചയില്‍ മാത്രം 4641 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

ജൂലായ് നാലാം തിയ്യതി സാമൂഹ്യ കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെമ്മോറിയല്‍ ഡേയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് കൗണ്ടിയില്‍ രോഗം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

Other News