യുഎസിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പ്, സ്ത്രീ രോഗികള്‍ക്കെതിരെ ലൈംഗികാതി ക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി

യുഎസിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പ്, സ്ത്രീ രോഗികള്‍ക്കെതിരെ ലൈംഗികാതി ക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി


ന്യൂജഴ്‌സി: ചികിത്സയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പും സ്ത്രീ രോഗികള്‍ക്കെതിരെ ലൈംഗികാതിക്രമവും നടത്തിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ന്യൂജഴ്‌സില്‍ കുറ്റം ചുമത്തി. 51 കാരനായ ഡോ. റിതേഷ് കല്‍റയ്‌ക്കെതിരെയാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റം ചുമത്തിയിട്ടുള്ളത്.  

ചികിത്സയ്ക്ക് ആവശ്യമില്ലാത്ത വേദനസംഹാരികള്‍ വിതരണം ചെയ്യുക, കുറിപ്പടികള്‍ക്ക് പകരമായി സ്ത്രീ രോഗികളില്‍ നിന്ന് ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുക, നടത്താത്ത കണ്‍സള്‍ട്ടേഷനുകള്‍ നടത്തിയെന്ന് കാണിച്ച് വ്യാജ ബില്ല് നല്‍കി മെഡിക്കെയ്ഡില്‍ നിന്ന് പണം പറ്റുക എന്നീ കുറ്റങ്ങളാണ് ഡോ. റിതേഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്, മെഡിക്കല്‍ പ്രാക്ടീസില്‍ നിന്നും മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ട്, കേസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ നിലവില്‍ ഡോ. റിതേഷിന്റെ മെഡിക്കല്‍ പ്രാക്ടീസ് അടച്ചുപൂട്ടേണ്ടിവരും.

ഡോ. കല്‍റ തങ്ങളെ ലൈംഗികമായി സ്പര്‍ശിച്ചതായും കുറിപ്പടികള്‍ ലഭിക്കുന്നതിനായി ഓറല്‍ സെക്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതായും  സ്ത്രീ രോഗികള്‍ പരാതിപ്പെട്ടതായി കല്‍റയുടെ നിരവധി മുന്‍ ജീവനക്കാര്‍ പറഞ്ഞു. ക്ലിനിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കിടയില്‍ നിര്‍ബന്ധിത പ്രകൃതിവിരുദ്ധ  ലൈംഗികത ഉള്‍പ്പെടെ നിരവധി തവണ കല്‍റ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു രോഗി വിവരിച്ചു.

എസെക്‌സ് കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ തടവിലാക്കപ്പെട്ട ഒരു രോഗിക്ക് നേരിട്ടുകാണാതെ തന്നെ കല്‍റയില്‍ നിന്ന് ഒപിയോയിഡ് കുറിപ്പടികള്‍ ലഭിച്ചുകൊണ്ടിരുന്നതായി ആരോപണമുണ്ട്.

ഒരിക്കലും നടന്നിട്ടില്ലാത്ത നേരിട്ടുള്ള കണ്‍സല്‍ട്ടേഷനും കൗണ്‍സിലിംഗ് സെഷനുകള്‍ക്കും കല്‍റ ബില്ല് നല്‍കിയതായി ആരോപിക്കപ്പെടുന്നു.

'ഡോക്ടര്‍മാര്‍ വളരെ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനമാണ് വഹിക്കുന്നത്  എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ, ആസക്തി വര്‍ദ്ധിപ്പിക്കാനും, ദുര്‍ബലരായ രോഗികളെ ലൈംഗികതയ്ക്കായി ചൂഷണം ചെയ്യാനും, ന്യൂജേഴ്‌സിയിലെ പൊതു ആരോഗ്യ സംരക്ഷണ പദ്ധതിയെ വഞ്ചിക്കാനും ഡോ. കല്‍റ ആ സ്ഥാനം ഉപയോഗിച്ചുവെന്ന് കുറ്റ പത്രം ചൂണ്ടിക്കാട്ടി.' ലൈംഗിക ആനുകൂല്യങ്ങള്‍ക്കായി കുറിപ്പടികള്‍ കൈമാറിയും, വ്യാജ അപ്പോയിന്റ്‌മെന്റുകള്‍ക്കായി മെഡികെയ്ഡ് ബില്‍ ചെയ്തും അദ്ദേഹം നിയമം ലംഘിക്കുക മാത്രമല്ല, ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്നും യുഎസ് അറ്റോര്‍ണി എലിന ഹബ്ബ കൂട്ടിച്ചേര്‍ത്തു.

'സ്വന്തം മെഡിക്കല്‍ ലൈസന്‍സുകള്‍ വ്യക്തിപരമായ നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മാറ്റുന്നവരെ തങ്ങളുടെ ഓഫീസ് പിന്തുടരുന്നത് തുടരുമെന്ന്, അറ്റോര്‍ണി പ്രഖ്യാപിച്ചു.

യുഎസിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പ്, സ്ത്രീ രോഗികള്‍ക്കെതിരെ ലൈംഗികാതി ക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി