വാഷിങ്ടണ്‍ ഡി സി: ഇന്ത്യന്‍ വംശജ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ ഫയല്‍ ചെയ്ത കേസ് നിയമപരമായ സമയപരിധി കഴിഞ്ഞതിനാല്‍ പരിഗണിക്കാനാവില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി വിധിച്ചു. ഡെട്രോയിറ്റില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത സരള നായരാണ് പരാതി നല്‍കിയത്.
അന്താരാഷ്ട്ര വിമാനയാത്രകളിലെ യാത്രക്കാരുടെ പരിക്ക് സംബന്ധിച്ച ഉത്തരവാദിത്തം നിശ്ചയിക്കുന്ന മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള രണ്ട് വര്‍ഷത്തെ സമയപരിധിയാണ് കോടതി ഉദ്ധരിച്ചത്.
2023 ഫെബ്രുവരി 3ന് ഡെട്രോയിറ്റില്‍ നിന്ന് പാരിസ് വഴി മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഡെല്‍റ്റ ജീവനക്കാര്‍ മറ്റൊരു യാത്രക്കാരനെ സഹായിക്കുന്നതിനിടെ മുകളിലെ ബിന്‍ തുറന്നപ്പോള്‍ ഒരു ബാഗ് തലയിലേക്ക് വീണുവെന്നാണ് സരള നായര്‍ പറയുന്നത്.
അവരുടെ യാത്രാ പട്ടികയില്‍ 2023 ഫെബ്രുവരി 5-നാണ് മുംബൈയിലെത്തിയതായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അവര്‍ കേസ് ഫയല്‍ ചെയ്തത് 2025 ജൂണ്‍ 20നാണ്. രണ്ടുവര്‍ഷത്തെ നിയമപരമായ കാലാവധി കഴിഞ്ഞ് നാലുമാസത്തിലധികം കഴിഞ്ഞതിനാല്‍ കേസ് തുടരാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ അമേരിക്കന്‍ യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ഡെട്രോയിറ്റ്- മുംബൈ ദീര്‍ഘദൂര സര്‍വീസിലെ സംഭവമായതിനാല്‍ ഈ കേസ് യു എസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രദ്ധ നേടിയിരുന്നു.
വിധിന്യായത്തില്‍ ഉദ്ധരിച്ച പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് പ്രകാരം സരള നായര്‍ '55സി'ല്‍ ഇരിക്കുമ്പോഴാണ് 'ഒരു ബാഗ് മുകളിലെ ബിന്നില്‍ നിന്ന് തലയില്‍ വീണത്.' വിമാനത്തിലെ ഒരു ഡോക്ടര്‍ അവരെ പരിശോധിക്കുകയും അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാപ്റ്റന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് അവരെ വിമാനത്തില്‍ നിന്ന് ഡെട്രോയിറ്റ് ഗേറ്റില്‍ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സരള നായരുടെ പരാതിയില്‍ തലയ്ക്കും പിന്‍ഭാഗത്തിനും കഴുത്തിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും മാംസപേശി, നാഡി, സന്ധി, അസ്ഥി തുടങ്ങിയ പരിക്കുകള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടിരുന്നു.
കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റിയ ഡെല്‍റ്റ ഇത്തരത്തിലുള്ള എല്ലാ പരാതികളും മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് പ്രാബല്യത്തിലുള്ളതെന്ന് വാദിച്ചു.
യു എസ് ജില്ലാ ജഡ്ജി റോബര്‍ട്ട് ജെ വൈറ്റ് ഈ വാദം അംഗീകരിക്കുകയും കരാറിലെ ആര്‍ട്ടിക്കിള്‍ 35 പ്രകാരം 2025 ഫെബ്രുവരി 5-നാണ് കേസ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതിയെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനേക്കാള്‍ നാലുമാസത്തിലധികം വൈകിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ കേസ് സമയപരിധിക്കു പുറത്താണെന്ന് വിധിയില്‍ രേഖപ്പെടുത്തി.
താഴെ വീണ ബാഗ് 'അപകടം' അല്ലെന്ന വാദവും മാനസിക പീഢനങ്ങള്‍ കരാറിന്റെ പരിധിക്ക് പുറത്താണ് എന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മുകളിലെ ബിന്നുകളില്‍ നിന്ന് വസ്തുക്കള്‍ വീഴുന്നത് അപ്രതീക്ഷിതവും യാത്രക്കാരനുമായി ബന്ധമില്ലാത്തതുമായ സംഭവമായതിനാല്‍ ആര്‍ട്ടിക്കിള്‍ 17 പ്രകാരമുള്ള 'അപകടം' ആണെന്ന് യു എസിലെ കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യത്തിന്റെ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അശ്രദ്ധ കേസുകള്‍ മുഴുവനും മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രീ-എംപ്റ്റ് ചെയ്യുന്നതായും കോടതി വ്യക്തമാക്കി.
മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ ഭൂരിപക്ഷ രാജ്യങ്ങളും അംഗീകരിച്ച കരാറാണ്. യാത്രക്കാരുടെ പരിക്ക് സംബന്ധിച്ച ഏകീകൃത നിയമങ്ങള്‍ ഇതിലൂടെ ഉറപ്പാക്കുന്നു. യു എസ് കോടതികള്‍ സാധാരണയായി ഈ കരാറിലെ രണ്ട് വര്‍ഷത്തെ സമയപരിധി കര്‍ശനമായി പ്രയോഗിക്കുന്നതായും പ്രവാസി ഇന്ത്യന്‍ യാത്രക്കാരും ഈ സമയപരിധിക്കുള്ളില്‍ കേസ് നല്‍കേണ്ടതാണെന്നും വിധി വ്യക്തമാക്കുന്നു.
