റൂബിയോയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ആഗോള നിലപാടുകള്‍ വിശദീകരിച്ച് ജയശങ്കര്‍

റൂബിയോയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ആഗോള നിലപാടുകള്‍ വിശദീകരിച്ച് ജയശങ്കര്‍


ന്യൂഡല്‍ഹി: സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കും സമാധാനപരമായ ഇടപെടലുകള്‍ക്കും മുന്‍ഗണന നല്‍കുന്നതോടൊപ്പം സമുദ്ര വ്യാപാരത്തിന്റെ സ്വതന്ത്ര സഞ്ചാരവും അന്താരാഷ്ട്ര നിയമങ്ങളുടെ കര്‍ശന പാലനവും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ അഞ്ച് പ്രധാന ആഗോള നയപരമായ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചത്.

ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രതിനിധിതല ചര്‍ച്ചകള്‍ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപണികളും പ്രകൃതി വിഭവങ്ങളും ആയുധമായി ഉപയോഗിക്കുന്ന പ്രവണതയെ ഇന്ത്യ എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സംഭാഷണവും നയതന്ത്രവുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും സുരക്ഷിതവും തടസരഹിതവുമായ സമുദ്രവ്യാപാരത്തെ പിന്തുണക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നുവെന്നും വിപണി വിഹിതങ്ങളെയും വിഭവങ്ങളെയും ആയുധവത്കരിക്കുന്നതിനെ എതിര്‍ക്കുന്നതായും ആഗോള സമ്പദ്വ്യവസ്ഥയെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ വിശ്വസ്ത പങ്കാളിത്തങ്ങളും ശക്തമായ വിതരണ ശൃംഖലകളും അനിവാര്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

റൂബിയോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ഇന്ത്യയും അമേരിക്കയും തമ്മില്‍ തുടര്‍ച്ചയായ ആശയവിനിമയം നടന്നുവരുന്നതായും ജയശങ്കര്‍ പറഞ്ഞു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളുടെ വേദികളിലും ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സിലുണ്ടായ കൂടിക്കാഴ്ചയാണ് ഏറ്റവും ഒടുവിലത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തം വിവിധ മേഖലകളിലെ പരസ്പര ദേശീയ താത്പര്യങ്ങളുടെ ഏകീകരണത്തിന്റെ അടിസ്ഥാനത്തിലാണെന്നും ജയശങ്കര്‍ പറഞ്ഞു. ശനിയാഴ്ച റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. മേഖലാതലത്തിലും ആഗോളതലത്തിലും ഉണ്ടായ പുതിയ സംഭവവികാസങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം, കിഴക്കന്‍ ഏഷ്യ, കരീബിയന്‍ മേഖല എന്നിവിടങ്ങളിലെ സാഹചര്യങ്ങളും ചര്‍ച്ചയായതായി ജയശങ്കര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളും യുക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളാണ്. മെയ് 26ന് നടക്കുന്ന ക്വാഡ് യോഗത്തില്‍ ഇന്‍ഡോ- പസഫിക് വിഷയവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ- തന്ത്രപ്രധാന സഹകരണ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 10 വര്‍ഷത്തെ പ്രധാന പ്രതിരോധ സഹകരണ ചട്ടക്കൂട് പുതുക്കിയതായും സമഗ്രമായ അണ്ടര്‍വാട്ടര്‍ ഡൊമെയിന്‍ അവബോധ റോഡ്മാപ്പ് ഒപ്പുവെച്ചതായും ജയശങ്കര്‍ അറിയിച്ചു. പ്രതിരോധ രംഗത്ത് മുന്നോട്ടുപോകുമ്പോള്‍ മേക്ക് ഇന്‍ ഇന്ത്യ സമീപനവും സമീപകാല സംഘര്‍ഷങ്ങളില്‍നിന്ന് ലഭിച്ച പാഠങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സഹകരണ രംഗത്ത് ഇന്ത്യ- അമേരിക്ക ഇടക്കാല വ്യാപാര കരാറിന്റെ അന്തിമ രൂപം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായതായി ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ 2025 ഫെബ്രുവരിയിലെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിഭാവനം ചെയ്ത സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.