വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള തുറന്ന പോരും വിവാദങ്ങളും തുടരുന്നതിനിടെ, പ്രശസ്ത ലേറ്റ് നൈറ്റ് അവതാരകന്‍ ജിമ്മി കിമ്മല്‍ എബിസിയുമായി കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇതോടെ 'ജിമ്മി കിമ്മല്‍ ലൈവ്' ഷോ 2027 മധ്യം വരെ തുടരുമെന്ന് കരാറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. കിമ്മലിന്റെ നിലവിലെ കരാര്‍ അടുത്ത വര്‍ഷം മേയില്‍ അവസാനിക്കാനിരിക്കെയായിരുന്നു പുതുക്കല്‍.
വലതുപക്ഷ പ്രവര്‍ത്തകന്‍ ചാര്‍ലി കര്‍ക്കിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കിമ്മലും ട്രംപ് ഭരണകൂടവും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. കോളജ് ക്യാമ്പസിലെ കൊലപാതകത്തെ 'മാഗാ സംഘം' രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് കിമ്മല്‍ അഭിപ്രായപ്പെട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഇതിനു പിന്നാലെ ട്രംപ് നിയമിച്ച എഫ്‌സിസി അധ്യക്ഷന്‍ ബ്രെന്‍ഡന്‍ കാര്‍, കിമ്മലിനെ ഒഴിവാക്കിയില്ലെങ്കില്‍ എബിസി അനുബന്ധ ചാനലുകളുടെ ലൈസന്‍സ് ചോദ്യം ചെയ്യുമെന്ന രീതിയില്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ നെക്സ്റ്റാര്‍, സിങ്ക്‌ലെയര്‍ എന്നീ രണ്ടു വലിയ ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍ തങ്ങളുടെ ചാനലുകളില്‍ നിന്ന് ഷോ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുമൂലം ഡിസ്‌നി രാജ്യവ്യാപകമായി 'ജിമ്മി കിമ്മല്‍ ലൈവ്' താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ശക്തമായ പൊതുജന-ഹോളിവുഡ് പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ഷോ തിരികെ എത്തി. കിമ്മല്‍ നടത്തിയ തിരിച്ചു വരവ് പ്രസംഗം സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെതിരെ 'ആന്റിഅമേരിക്കന്‍' നീക്കമെന്നാരോപിച്ച് ഭരണകൂടത്തെ കടന്നാക്രമിക്കുന്നതായിരുന്നു.
ഷോ തിരിച്ചെത്തിയതിന് ശേഷം ട്രംപിനെതിരെ കിമ്മലിന്റെ പരിഹാസങ്ങള്‍ വീണ്ടും ശക്തികൂടി. യോഗങ്ങളില്‍ ഉറങ്ങുന്നതായുള്ള ആരോപണവും ലോകനേതാക്കളുടെ പേരുകള്‍ തെറ്റായി ഉച്ചരിക്കുന്നതും ഉള്‍പ്പെടെ ട്രംപിനെ കിമ്മല്‍ തുടര്‍ച്ചയായി പരിഹസിക്കുകയാണ്. അതേസമയം, കിമ്മലിനെതിരെ ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കും അറുതിയില്ല.
ഞായറാഴ്ച കെന്നഡി സെന്ററില്‍ നടന്ന പുതുക്കിയ പുരസ്‌കാര ചടങ്ങില്‍ ട്രംപ് കിമ്മലിനെ 'ഭീകരന്‍' എന്നു വിശേഷിപ്പിച്ച്, ഷോയ്ക്ക് വന്‍ റേറ്റിങ് ഉണ്ടാകുമെന്ന പരിഹാസപ്രവചനവും നടത്തി. 'ജിമ്മി കിമ്മലിനെ പ്രതിഭയില്‍ ഞാന്‍ തോല്‍പ്പിക്കാനായില്ലെങ്കില്‍, പ്രസിഡന്റായിരിക്കേണ്ടതില്ല,' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
ട്രംപുമായുള്ള പോര് തുടരുന്നതിനിടയില്‍ ജിമ്മി കിമ്മല്‍ എബിസിയുമായി കരാര്‍ ഒരു വര്‍ഷം കൂടി നീട്ടി
