ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ അനേക ബില്യണ്‍ ഡോളറിന്റെ ഹര്‍ജിയില്‍ വിചാരണ ആരംഭിച്ചു


MAY 28, 2019, 10:50 PM IST

ഒക്‌ലഹോമ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ മരുന്നു നിര്‍മാതാക്കളിലൊരാളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ അനേക ബില്യണ്‍ ഡോളറിന്റെ ഹര്‍ജിയില്‍ ഒക്‌ലഹോമയില്‍ വിചാരണ ആരംഭിച്ചു. കമ്പനി നിര്‍മിക്കുന്ന വേദനസംഹാരികള്‍ വഞ്ചനാപരമായി മാര്‍ക്കറ്റിംഗ് നടത്തുകയാണെന്നും, ഇതുസംബന്ധിച്ച അപകട സാധ്യതകള്‍ മറച്ചുവയ്ക്കുകയാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കറപ്പ് പകര്‍ച്ചവ്യാധി വ്യാപിപ്പിക്കുന്ന ഘടകമാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ഉത്പന്നങ്ങള്‍ ഉത്തരവാദിത്വത്തോടെയാണ് മാര്‍ക്കറ്റിംഗ് നടത്തിയതെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അവകാശപ്പെട്ടു. അമേരിക്കയിലെ സംസ്ഥാന - പ്രാദേശിക ഗവണ്‍മെന്റുകള്‍ വിവിധ ഫാര്‍മസ്യൂട്ടിക്കള്‍സ് കമ്പനികള്‍ക്കെതിരേ കൊണ്ടുവന്ന രണ്ടായിരത്തോളം കേസുകളില്‍ വിചാരണയ്ക്കു വരുന്ന ആദ്യ കേസാണിത്. കറപ്പ് അമിതമായി കഴിച്ച് പ്രതിദിനം അമേരിക്കയില്‍ ശരാശരി 130 പേര്‍ മരിക്കുന്നുണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പറയുന്നു. 

2017 ല്‍ വേദനസംഹാരികള്‍ അമിതമായി കഴിച്ച് അമേരിക്കയില്‍ 70.200 പേര്‍ മരിച്ചു. ഇതില്‍ 68 ശതമാനവും ഡോക്ടര്‍മാര്‍ കുറിച്ചു കൊടുത്ത വേദനസംഹാരികളോ, അനധികൃത കറപ്പോ ആണ് ഉപയോഗിച്ചത്. കടുത്ത വേദനയ്ക്ക് ഫെന്റാനില്‍ പാച് എന്ന വേദന സംഹാരി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 


Other News