വാഷിങ്ടൺ: വിദേശ പ്രൊഫഷണലുകൾക്കായി അനുവദിക്കുന്ന ജനപ്രിയമായ എച്ച്1ബി വിസ പദ്ധതിയിൽ പുതിയ അപേക്ഷകരിൽ നിന്ന് 1 ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കൻ ഫെഡറൽ കോടതി റദ്ദാക്കി.
ഇത്തരത്തിൽ ഉയർന്ന ഫീസ് ഏർപ്പെടുത്തുന്നതിലൂടെ ഭരണകൂടം അധികാരപരിധി ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ ഫീസ് വർധിപ്പിച്ച നടപടിയാണ് സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
വിദേശ സാങ്കേതിക വിദഗ്ധർ, എൻജിനീയർമാർ, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് പ്രധാനമായും എച്ച്1ബി വിസ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഇന്ത്യൻ പ്രൊഫഷണലുകളാണ് ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരുവിഭാഗം.
ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് എച്ച്1ബി വിസ അപേക്ഷകൾക്ക് വൻതോതിൽ ഫീസ് വർധന പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനം വിദേശ തൊഴിലാളികളെയും അവരെ നിയമിക്കുന്ന കമ്പനികളെയും ആശ്വസിപ്പിക്കുന്നതാണ്.
എച്ച്1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ്; ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം കോടതി റദ്ദാക്കി
