വലിയ തെറ്റുകള്‍ വരുത്തിയ ആള്‍ : മരണത്തിന് ഒരു ദിവസത്തിന് ശേഷം കോളിന്‍ പവലിനെ ആക്രമിച്ച് ട്രംപ്


OCTOBER 20, 2021, 10:04 AM IST

വാഷിംഗ്ടണ്‍:  അന്തരിച്ച അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനെ ലോകം ആദരവോടെയും സ്‌നേഹത്തോടെയും സ്മരിച്ചപ്പോള്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പവലിനെതിരെ ആക്രമണാത്മകമായ പ്രസ്താവനകളാണ് ചൊവ്വാഴ്ച നടത്തിയത്. ഇറാഖില്‍ യുദ്ധത്തിന് വേണ്ടി വാദിച്ച പവല്‍ അവിശ്വസ്തനായ റിപ്പബ്ലിക്കനായിരുന്നു എന്നാണ് ട്രംപ് ആക്ഷേപിച്ചത്.

തിങ്കളാഴ്ച 84-ആം വയസ്സില്‍ മരണമടഞ്ഞ പവല്‍, ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന ഉന്നത നയതന്ത്രജ്ഞനായിരുന്നു.  ട്രംപിന്റെ പ്രേരണയാല്‍ നടന്ന ജനുവരി 6 കാപ്പിറ്റോള്‍ കലാപത്തിനുശേഷം ട്രംപിനോട് പ്രസിഡന്റ് പദം രാജിവയ്ക്കാനും കോളിന്‍ പവല്‍ ആവശ്യപ്പെട്ടിരുന്നു.

'ഇറാഖില്‍ വലിയ തെറ്റുകള്‍ വരുത്തുകയും വിനാശകരമെന്ന് വിളിക്കപ്പെടുന്ന ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത കോളിന്‍ പവലിന്റെ മരണം വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ കൊണ്ടാടുന്നതുകാണുമ്പോള്‍ അതിശയം തോന്നുന്നു. ട്രംപ് ഒരു പ്രസ്താവനയില്‍ പരിഹാസത്തോടെ പറഞ്ഞു .

അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന പവല്‍ കാന്‍സര്‍ ബാധിച്ച് ചികിത്യ്ക്കിടയിലാണ് കോവിഡ് -19 ല്‍ നിന്നുള്ള സങ്കീര്‍ണതകള്‍ മൂലം മരണപ്പെട്ടത്.

ദേശീയ യുദ്ധ നായകന്‍, ആഗോള നയതന്ത്രജ്ഞന്‍, ആഫ്രിക്കന്‍-അമേരിക്കന്‍ നേതാവ് എന്നീ നിലകളില്‍ ലോക വ്യാപകമായി പ്രശംസിക്കപ്പെട്ട വ്യക്തിയായിരുന്നു പവല്‍.

പവല്‍ 'ക്ലാസിക് റിനോ' അഥവാ പേരില്‍ മാത്രം റിപ്പബ്ലിക്ക് അംഗമായ വ്യക്തി ആയിരുന്നു എന്ന് ട്രംപ് പറഞ്ഞു. അദ്ദേഹം ധാരാളം തെറ്റുകള്‍ വരുത്തിയിട്ടുണ്ട്, എന്തായാലും, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇറാഖില്‍ വന്‍ നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പവല്‍ 2003 ഫെബ്രുവരിയില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്കെതിരായ ആരോപണങ്ങളെ അതി ജീവിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. അതേസമയം പിന്നീടു പുറത്തുവന്ന തെളിവുകള്‍ ഈ ആരോപണം തെറ്റാണെന്ന് തെളിയിച്ചു.

ശത്രുക്കളുടെ മരണത്തിന് ശേഷവും അവരെ ആക്രമിക്കുന്നത് ട്രംപിന്റെ പതിവ് രീതിയാണ്.

ട്രംപിന്റെ സ്ഥിരം വിമര്‍ശകനും അരിസോണയിലെ റിപ്പബ്‌ളിക്കന്‍ സെനറ്ററുമായ ജോണ്‍ മക്കെയിന്‍ 2018 ല്‍ മരിച്ചതിനുശേഷവും, ട്രംപ് അദ്ദേഹത്തെ ആവര്‍ത്തിച്ച് അധിക്ഷേപിച്ചിരുന്നു.

'ഞാന്‍ സത്യസന്ധത പുലര്‍ത്തണം: ഞാന്‍ ഒരിക്കലും അദ്ദേഹത്തെ അധികം ഇഷ്ടപ്പെട്ടിരുന്നില്ല,' ഒഹായോയിലെ ഒരു പ്രസംഗത്തില്‍ മക്കെയിനെക്കുറിച്ച് ട്രംപ് പറഞ്ഞത് ഇപ്രകാരമായിരുന്നു.

Other News