വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ ശേഷം സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. 21കാരനായ നസൈർ ബെറ്റ്‌സ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മേരിലാൻഡ് സ്വദേശിയായ ഇയാൾ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നും 'താനാണ് യേശുക്രിസ്തു' എന്ന് വിശ്വസിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
യുഎസ് രഹസ്യാന്വേഷണ ഏജൻസിക്ക് ഇയാളെക്കുറിച്ച് മുമ്പേ അറിവുണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുത് എന്ന കോടതി ഉത്തരവ് ഇയാൾ ലംഘിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 2025 ജൂണിൽ സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി ഭീഷണി മുഴക്കിയ സംഭവത്തിലും പിന്നീട് നിയന്ത്രിത മേഖലയിലേക്ക് അതിക്രമിച്ച് കടന്ന സംഭവത്തിലും ഇയാളെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ വൈറ്റ് ഹൗസിന്റെ സുരക്ഷാ പരിധിക്ക് സമീപമെത്തിയ ഇയാൾ ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് എഫ് ബി ഐ അറിയിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചും വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസൈർ ബെറ്റ്‌സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിനിടെ ഒരു സാധാരണ പൗരനും വെടിയേറ്റ് പരിക്കേറ്റതായി എഫ്ബിഐ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസ് പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ആക്രമണത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും മാനസിക അസ്വസ്ഥതകൾ അന്വേഷണത്തിന്റെ പ്രധാന ഭാഗമാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇതിനിടെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡോണൾഡ് ട്രംപ് തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ യേശുക്രിസ്തുവിന്റെ രൂപത്തിൽ എ.ഐ ചിത്രം പങ്കുവച്ചത് വീണ്ടും ചർച്ചയാകുകയാണ്. ദിവ്യപ്രകാശത്തിനിടയിൽ രോഗിയെ സുഖപ്പെടുത്തുന്ന രീതിയിലുള്ള ചിത്രത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നീട് ചിത്രം നീക്കിയ ട്രംപ്, അത് ഡോക്ടറുടെ രൂപമാണെന്നാണ് കരുതിയതെന്ന് വിശദീകരിച്ചിരുന്നു.
ട്രംപിനെതിരായ സുരക്ഷാ ഭീഷണികൾ അമേരിക്കയിൽ കഴിഞ്ഞ വർഷങ്ങളിലായി വർധിച്ചിരിക്കുകയാണ്. 2024 ജൂലൈയിൽ പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വെടിവെപ്പിൽ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ഫ്‌ളോറിഡയിലെ ഗോൾഫ് ക്ലബ്ബിനടുത്തും ആയുധധാരിയെ സുരക്ഷാസേന പിടികൂടിയിരുന്നു. ഈ വർഷം ഏപ്രിലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക വിരുന്നിനിടെയും സുരക്ഷാ അതിക്രമശ്രമം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.
വൈറ്റ് ഹൗസിന് സമീപത്തെ പുതിയ വെടിവെപ്പ് സംഭവത്തോടെ അമേരിക്കൻ പ്രസിഡന്റിനെയും ഫെഡറൽ കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റിയ സുരക്ഷ വീണ്ടും ദേശീയ ചർച്ചയായി മാറിയിരിക്കുകയാണ്.
വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പ് ; സ്വയം യേശുക്രിസ്തുവെന്ന് വിശ്വസിച്ചിരുന്ന അക്രമി കൊല്ലപ്പെട്ടു
