ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യക്കാരെയും ഇന്ത്യന്‍ വംശജരെയും ലക്ഷ്യമിട്ട് ഉയരുന്ന വംശീയ പരാമര്‍ശങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്്ക്ക് മണ്ടന്മരുടെ വാക്കുകളെന്ന് വിശേഷിപ്പിച്ചു. ഓരോ രാജ്യത്തും മണ്ടന്മാര് ഉണ്ടാകും എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് റൂബിയോയുടെ പ്രതികരണം. ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
ഇന്ത്യക്കാരെതിരായ വംശീയ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമ പ്രവര്ത്തകന് ഉന്നയിച്ച ചോദ്യത്തിനായിരുന്നു റുബിയോയുടെ മറുപടി. അതിനെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നറിയില്ലെന്നും വിഷയം ഗൗരവമായി കാണുന്നുവെന്നും ഓണ്‍ലൈനിലും മറ്റ് ഇടങ്ങളിലും ചിലര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടാകുമെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മണ്ടന്മാര് ഉണ്ടല്ലോ എന്നുമായിരുന്നു റൂബിയോയുടെ പ്രതികരണം.
മണ്ടന്മാര് ഇന്ത്യയിലുമുണ്ടെന്നും അമേരിക്കയിലുമുണ്ടെന്നും അവര്‍ എല്ലായ്പ്പോഴും അര്‍ഥശൂന്യമായ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന രാജ്യമാണ് അമേരിക്കയെന്ന് റൂബിയോ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമേരിക്കയിലെത്തിയവര്‍ അമേരിക്കക്കാരായി മാറുകയും സമൂഹവുമായി ഇഴുകിച്ചേരുകയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ചുറ്റിപ്പറ്റിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. 2026 ഏപ്രിലില്‍ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ഇന്ത്യയെ നരകസമാന രാജ്യം എന്ന് വിശേഷിപ്പിച്ച മൈക്കല്‍ സാവേജിന്റെ പരാമര്‍ശം ഉള്‍പ്പെട്ട ഒരു പോസ്റ്റിനെ ട്രംപ് പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ പൊതുചര്‍ച്ചകളില്‍ വിവാദമുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യ- അമേരിക്ക ബന്ധം ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ പങ്കാളിത്തമായി തുടരുകയാണ്. അമേരിക്കന്‍ സമൂഹത്തിലും ബിസിനസ് രംഗത്തും രാഷ്ട്രീയത്തിലും ഇന്ത്യന്‍ വംശജര്‍ ശക്തമായ സാന്നിധ്യമായി തുടരുന്നതിനിടെയാണ് വിവേചന സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
സ്റ്റേറ്റ് സെക്രട്ടറിയായ ശേഷം റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ സാങ്കേതികവിദ്യ, ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, വ്യാപാര സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാപാരവും തീരുവകളും സംബന്ധിച്ച ഭിന്നതകളും ഇടയ്ക്കിടെ ഉയരുന്ന വിവാദ പരാമര്‍ശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരുപക്ഷവും വീണ്ടും ആവര്‍ത്തിച്ചു.
