ഇന്ത്യന്‍ സര്‍ക്കാരുമായുള്ള വ്യവഹാരം ട്വിറ്റര്‍ വെളിപ്പെടുത്തിയില്ലെന്ന് മസ്‌കിന്റെ ആരോപണം


AUGUST 5, 2022, 11:34 PM IST

വാഷിംഗ്ടണ്‍: അപകടകരമായ ചില വ്യവഹാരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതായി ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കിന്റെ ആരോപണം. പരാജയപ്പെട്ട ട്വിറ്റര്‍ ഏറ്റെടുക്കല്‍ കോടതിയിലെത്തിയതോയാണ് ഇലോണ്‍ മസ്‌ക് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സര്‍ക്കാറുമായുള്ള കേസിനെ കുറിച്ച് ട്വിറ്റര്‍ വിശദമാക്കിയില്ലെന്നും മസ്‌ക് പറഞ്ഞു.

ഡെലവെയര്‍ കോതിയിലെ ഒരു കൗണ്ടര്‍ സ്യൂട്ടില്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയാ കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിടുന്നതില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മസ്‌ക് അവകാശപ്പെട്ടു. 

കോടതി രേഖകള്‍ പ്രകാരം ട്വിറ്റര്‍ ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ പാലിക്കണം. 2021ല്‍ ഇന്ത്യയുടെ വിവര സാങ്കേതിക മന്ത്രാലയം ചില നിയമങ്ങള്‍ നടപ്പിലാക്കുകയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അന്വേഷിക്കാനും വിവരങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യപ്പെടാനും അനുസരിക്കാന്‍ വിസമ്മതിച്ച കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാറിനെ നിയമം അനുവദിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവാണ് മസ്‌ക്കെങ്കിലും ട്വിറ്ററില്‍ മിതത്വം കാണിക്കണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. 

ജൂലൈയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരാമര്‍ശിച്ച് ഇന്ത്യന്‍ സര്‍ക്കാറിനെതിരായ വ്യവഹാരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതായും മസ്‌ക് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അധികാരികള്‍ നിയമ വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം തടയുന്നതില്‍ നിന്ന് മാറിയില്ലെങ്കില്‍ അവരുടെ ഇന്ത്യന്‍ ബിസിനസ് അവസാനിപ്പിക്കുമെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ച ഹൈക്കോടതി വാദം കേള്‍ക്കുന്ന ആഗസ്ത് 25ലേക്ക് മാറ്റി. 

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റും ലോകത്തിലെ ഏറ്റവും വലിയ ധനികനും തമ്മിലുള്ള കേസിന്റെ വിചാരണ ഒക്ടോബര്‍ 17ന് നടക്കും. 

ഏപ്രിലില്‍ ഒരു ഓഹരിക്ക് 54.20 യു എസ് ഡോളറിന് ഏകദേശം 44 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഇടപാടിലാണ് ട്വിറ്ററുമായി മസ്‌ക് ഏറ്റെടുക്കല്‍ കരാറിലെത്തിയത്. പ്ലാറ്റ്‌ഫോമിലെ അഞ്ച് ശതമാനത്തില്‍ താഴെ അക്കൗണ്ടുകള്‍ ബോട്ടുകളോ സ്പാമോ ആണെന്ന ട്വിറ്ററിന്റെ അവകാശവാദത്തിന്റെ സത്യാവസ്ഥ അവലോകനം ചെയ്യാന്‍ തന്റെ ടീമിനെ അനുവദിക്കാതിരുന്നുവെന്ന് കുറ്റപ്പെടുത്തി മെയ് മാസത്തില്‍ മസ്‌ക് കരാര്‍ ഒഴിവാക്കുകയായിരുന്നു.

Other News