വാഷിംഗ്ടണ്‍: എച്ച് 1 ബി വിസാ പദ്ധതിയെ അനുകൂലിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന് ചില മേഖലകളില്‍ വിദേശ പ്രതിഭകളുടെ സഹായം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോക്‌സ് ന്യൂസിലെ ലോറ ഇന്‍ഗ്രഹാമിനോട് നടത്തിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ നിലപാട് മാറ്റം പ്രകടമായത്. 'നമുക്ക് പ്രതിഭകളെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. അമേരിക്കയില്‍ എല്ലാത്തരം കഴിവുകളും ഉള്ളവര്‍ ഇല്ല,'- ട്രംപ് പറഞ്ഞു.
'നമുക്ക് ചില പ്രതിഭകള്‍ ഇല്ല. ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ദീര്‍ഘകാലമായി തൊഴില്‍രഹിതരായ അമേരിക്കക്കാരെ അതിനായി ഉടന്‍ നിയമിക്കാനാകില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഈ പ്രസ്താവന എച്ച്1ബി വിസാ പദ്ധതിക്കെതിരായ ശക്തമായ നടപടികള്‍ക്കിടയിലാണ് വന്നിരിക്കുന്നത്. വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് സാങ്കേതിക മേഖലകളില്‍, നിയമിക്കാനാണ് എച്ച് 1 ബി വിസാ പദ്ധതി വ്യാപകമായി ഉപയോഗിക്കുന്നത്.
ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരടക്കം എച്ച്1ബി വിസയുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളാണ്.
എച്ച്1ബി വിസാ ഫീസ് വര്‍ധന
ഈ വര്‍ഷം സെപ്റ്റംബറില്‍ ട്രംപ് 'റിസ്ട്രിക്ഷന്‍ ഓണ്‍ എന്‍ട്രി ഓഫ് സര്‍ട്ടന്‍ നോണ്‍ ഇമിഗ്രന്റ് വര്‍ക്കേഴ്‌സ്' എന്ന വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, 2025 സെപ്റ്റംബര്‍ 21ന് ശേഷം സമര്‍പ്പിക്കുന്ന പുതിയ എച്ച്1ബി അപേക്ഷകള്‍ക്ക് 1 ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) അധിക ഫീസ് അടയ്ക്കണം.
പഴയ വിസയുള്ളവര്‍ക്കോ 2025 സെപ്റ്റംബര്‍ 21നു മുന്‍പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഈ ഫീസ് ബാധകമല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പിന്നീട് വ്യക്തമാക്കി. 2026ലെ വിസാ ലോട്ടറിയിലേക്കുള്ള അപേക്ഷകള്‍ക്കും പുതിയ ഫീസ് നിര്‍ബന്ധമായിരിക്കും.
ട്രംപിന്റെ പുതിയ പ്രസ്താവന, വിദേശ പ്രതിഭകളെ അനുകൂലിക്കുന്ന ഒരു 'സൗമ്യമായ നിലപാട് ' എന്ന നിലയ്ക്കാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്കയില്‍ ആവശ്യത്തിന് പ്രതിഭകളില്ല : എച്ച്1ബി വിസ വിഷയത്തില്‍ നിലപാട് മൃദുവാക്കി ഡോണള്‍ഡ് ട്രംപ്
