ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്: മംദാനിയുടെ ലീഡ് ചുരുങ്ങുന്നു, കുമോയ്ക്ക് മുന്നേറ്റം

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്: മംദാനിയുടെ ലീഡ് ചുരുങ്ങുന്നു, കുമോയ്ക്ക് മുന്നേറ്റം


ന്യൂയോര്‍ക്ക്:   ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ ആരാകുമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പുതിയ സര്‍വേയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്രാന്‍ മംദാനിയുടെ ലീഡ് കുത്തനെ ഇടിയുന്നു. വോട്ടുശതമാനം വര്‍ധിപ്പിച്ച മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയാണ് മുന്നേറുന്നത്. എന്നാല്‍ ഇപ്പോഴും മംദാനി തന്നെയാണ് മുന്നില്‍.

അറ്റ്‌ലാസ്ഇന്റല്‍ (AtlasIntel) ശനിയാഴ്ച പുറത്തുവിട്ട സര്‍വേ പ്രകാരം, 40.6 ശതമാനം വോട്ടുമായി മംദാനി മുന്നില്‍ നില്‍ക്കുമ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുമോയ്ക്ക് 34 ശതമാനം പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവ 24.1 ശതമാനം വോട്ടുകളുമായി മൂന്നാമതാണെന്നാണ് റിപ്പോര്‍ട്ട്.

ഇത് മംദാനിക്ക് ജൂലൈക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ 6.6 പോയിന്റ് ലീഡ് ആണെന്ന് സര്‍വേ വ്യക്തമാക്കുന്നു.

അതേസമയം, ശനിയാഴ്ച ഒരു ലക്ഷംത്തിലധികം പേര്‍ നേരത്തെയെത്തി വോട്ട് ചെയ്തതായി ദി സിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ നടന്ന പ്രൈമറി വോട്ടെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ദിവസം കൂടിയാണ് ഇത്.

'ഞങ്ങളുടെ മുന്നേറ്റം തുടരുകയാണ് എന്നാണ് മംദാനി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവാക്കളുടെയും മുതിര്‍ന്നവരുടെയും ഒരു പ്രസ്ഥാനമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വേയോട് പ്രതികരിച്ച് കുമോ രംഗത്തെത്തി.  'വ്യത്യാസം വേഗത്തില്‍ ചുരുങ്ങുകയാണ്. ബ്രോങ്ക്‌സില്‍ നിന്ന് സ്റ്റാറ്റന്‍ ഐലന്‍ഡ് വരെ നമുക്ക് അതിന്റെ തോത് അനുഭവപ്പെടുന്നു. ഈ വേഗതയില്‍ നമുക്ക് വിജയം ഉറപ്പാണ്.

'മംദാനി മുന്നോട്ടുവെച്ച 'ഫ്രീ ഫുഡ്', 'ഫ്രീ ബസ്', 'ഫ്രീ റെന്റ്' തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രായോഗികമല്ലെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമോ കൂട്ടിച്ചേര്‍ത്തു. 

മറ്റ് സര്‍വേകളുടെ ചിത്രം

മാരിസ്റ്റ് (Marist): മംദാനി 48%, കുവ്‌മോ 32%, സ്ലിവ 16%

എമേഴ്‌സണ്‍ കോളേജ്/PIX11/The Hill: മംദാനി 50%, കുമോ 25%, സ്ലിവ 21%

ക്വിനിപിയാക് യൂണിവേഴ്‌സിറ്റി: മംദാനി 46%, കുമോ 33%, സ്ലിവ 15%

മാന്‍ഹട്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട്: മംദാനിക്ക് 15 പോയിന്റ് ലീഡ്

സഫോക്ക് യൂണിവേഴ്‌സിറ്റി: ലീഡ് 10 പോയിന്റായി ചുരുങ്ങി

വിക്ടറി ഇന്‍സൈറ്റ്‌സ്: മംദാനിക്ക് 18 പോയിന്റ് ലീഡ്

പാട്രിയറ്റ് പോളിംഗ്: 11 പോയിന്റ് ലീഡ്

ഫോക്‌സ് ന്യൂസ് പോള്‍: മംദാനി 52%, കുമോ 28%, സ്ലിവ 13%

നവംബര്‍ 4 ചൊവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. അതിനാല്‍ അവസാന ദിവസങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വോട്ടിംഗ് ഫലത്തെ നിര്‍ണയിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.