വക്കീലന്മാരല്ല വോട്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്ന് ട്രംപിനെതിരെ അടുത്ത വിധി


NOVEMBER 28, 2020, 10:27 AM IST

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന ട്രംപ് സംഘത്തിന് മറ്റൊരു നഷ്ടം കൂടി. പെന്‍സില്‍വാനിയ തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള കീഴ്‌ക്കോടതിയുടെ സര്‍ട്ടിഫിക്കേഷന്‍ ശരിവെച്ച് ഫെഡറല്‍ അപ്പീല്‍ കോടതി അഭിപ്രായം രേഖപ്പെടുത്തി. 

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണ് നമ്മുടെ ജനാധിപത്യത്തിന്റെ ജീവരക്തമെന്ന് ഫെഡറലിസ്റ്റ് സൊസൈറ്റിയുടെ മുന്‍ അംഗവും 2017ല്‍ യു എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ മൂന്നാമതായി ട്രംപ് നോമിനേറ്റ് ചെയ്ത ജഡ്ജി സ്‌റ്റെഫാനോസ് ബിബാസ് അഭിപ്രായപ്പെട്ടു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പ്ഫലങ്ങളുമായി ബന്ധപ്പെട്ട് ട്രംപിന്റെ എല്ലാ നിയമ പോരാട്ടങ്ങളേയും കോടതികള്‍ പരാജയപ്പെടുത്തുന്നതാണ് കാണുന്നത്. സംസ്ഥാനത്ത് വോട്ട് സര്‍ട്ടിഫിക്കേഷന്‍ വൈകിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞു. 

യു എസ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കാനുള്ള ശ്രമങ്ങളെ കുറിച്ച് ട്രംപ് നിയമസംഘം ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിം കോടതിയിലും ജയിക്കാനുള്ള സാധ്യതയില്ലെന്നാണ് മുന്‍ ആക്ടിംഗ് യു എസ് സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാര്‍ പറയുന്നത്.

Other News