ഹൗഡി മോഡി വേദിക്കുപുറത്ത്  പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ 


SEPTEMBER 23, 2019, 2:06 AM IST

ഹൂസ്​റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപും വേദി പങ്കിട്ട ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്​റ്റേഡിയത്തിനു​ പുറത്ത്​ കാശ്‌മീരിലെ  ഉള്‍പ്പെ​ടെ ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധപ്രകടനവുമായി നൂറുകണക്കിനാളുകളെത്തി. മഹാത്മ ഗാന്ധിയുടെ വേഷമിട്ടും പ്ലക്കാര്‍ഡുകളേന്തിയും ഇന്ത്യന്‍ പതാകയേന്തിയും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഹൗഡി മോഡിവിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു.

കാശ്‌മീരി -ഖലിസ്​ഥാനി വിഘടനവാദ സംഘടനകള്‍, പാകിസ്​താന്‍ അനുകൂല സംഘടനകള്‍, ഹിന്ദു, മുസ്​ലിം, ദലിത്​, സിഖ്​, ക്രിസ്​ത്യന്‍ സംഘടനകള്‍, അമേരിക്കന്‍ ജൂത സംഘടനയായ 'ജ്യൂയിഷ്​ വോയ്​സസ്​ ഫോര്‍ പീസ്​, 'ബ്ലാക്ക്​ ലിവ്​സ്​ മാറ്റര്‍' എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന്​ നേതൃത്വം നല്‍കിയത്​.ഹൂസ്​റ്റൺ പൊലീസ്​ കനത്ത സേനാവിന്യാസം നടത്തി പ്രതിഷേധത്തെ നിയന്ത്രിച്ചു.

ഇതേസമയം,കാശ്‌മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി യു എസില്‍ താമസിക്കുന്ന കാശ്‌മീർ സ്വദേശികള്‍ നല്‍കിയ പരാതിയില്‍ ഹൂസ്റ്റൺ  ഫെഡറല്‍ ജില്ല കോടതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്​ സമന്‍സ്​ അയച്ചു. ഓഗസ്​റ്റ്​ അഞ്ചിനുശേഷം ക​​ശ്​മീരില്‍ നടന്നുവരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പീഡിപ്പിക്കല്‍, നിയമവിരുദ്ധമായി ശിക്ഷിക്കല്‍, മനുഷ്യത്വത്തിനെതിരായ കുറ്റകുത്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ്​ കോടതിയില്‍ പരാതി ലഭിച്ചത്​.

പേരു വെളിപ്പെടുത്താതെ മിസ്​ ടി.എഫ്​.കെ, മിസ്​റ്റര്‍ എസ്​.എം.എസ്​ എന്ന പേരിലായിരുന്നു പരാതി. ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി ഭയന്നാണ്​ ഈ പേരുകളില്‍ പരാതിപ്പെ​ട്ടതെന്ന്​ പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.നിയന്ത്രണങ്ങളെത്തുടര്‍ന്ന്​ കാശ്‌മീരിൽ  താമസിക്കുന്ന സഹോദരി മരിച്ചതുമായി ബന്ധപ്പെടുത്തിയാണ്​ മിസ്​ ടി.എഫ്​.കെയുടെ പരാതി. പിതാവിനെ തടങ്കലില്‍ വെച്ചതുമായി ബന്ധപ്പെട്ടാണ്​ എസ്​.എം.എസി​ന്റെ പരാതി. യു എസിലെ പീഡന ഇര സംരക്ഷണ നിയമം അനുസരിച്ചാണ്​ ​കേസ്​. 

Other News