അമേരിക്കയില്‍ മതവിശ്വാസം കുറയുന്ന പ്രവണതയ്ക്ക് വിരാമം; സ്ഥിരതയിലേക്ക് മാറുന്നു: പ്യൂ സര്‍വേ

അമേരിക്കയില്‍ മതവിശ്വാസം കുറയുന്ന പ്രവണതയ്ക്ക് വിരാമം; സ്ഥിരതയിലേക്ക് മാറുന്നു: പ്യൂ സര്‍വേ


ന്യൂയോര്‍ക്ക്:  അമേരിക്കക്കാര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി തുടരുന്ന മതവിശ്വാസ കുറവിന് താല്‍ക്കാലികമായെങ്കിലും വിരാമം വന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ സര്‍വേ റിപ്പോര്‍ട്ട്. 2020 മുതല്‍ നടത്തിയ സര്‍വേകള്‍ പ്രകാരം മതവുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങള്‍ രാജ്യത്തുടനീളം വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത പുലര്‍ത്തുന്നതാണ് കണ്ടത്. ക്രിസ്ത്യന്‍  ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളിലേതായ തിരിച്ചറിവും മതമില്ലാത്തവരുടെ ('നോണ്‍സ്') എണ്ണവും അടുത്ത വര്‍ഷങ്ങളിലെല്ലാം ഏകദേശം ഒരേ നിലയിലാണ്. ദിനേന പ്രാര്‍ത്ഥിക്കുന്നവര്‍, മതത്തിന് ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് പറയുന്നവര്‍, ആരാധനകളില്‍ പതിവായി പങ്കെടുക്കുന്നവര്‍ എന്നിവരുടെ ശതമാനത്തിലും വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല.

ഈ സ്ഥിരത പ്രത്യേകിച്ച് ശ്രദ്ധേയമാകുന്നത്, മുന്‍ വര്‍ഷങ്ങളിലുണ്ടായ ദീര്‍ഘകാല മതനിഷേധത്തിനു ശേഷമാണെന്നതാണ്. തലമുറകളിലെ മാറ്റമാണ് ആ ഇടിവിന് കാരണമായത്. കൂടുതല്‍ മതവിശ്വാസമുള്ള മുതിര്‍ന്ന തലമുറകള്‍ വിട വാങ്ങുമ്പോള്‍, മതത്തോട് താരതമ്യേന അകലം പുലര്‍ത്തുന്ന യുവതലമുറകള്‍ ജനസംഖ്യയില്‍ മുന്‍നിരയിലെത്തുകയായിരുന്നു. കൂടാതെ, എല്ലാ തലമുറയിലുമുള്ള ആളുകള്‍ പ്രായമേറുന്നതിനനുസരിച്ച് മതാചാരങ്ങളില്‍ നിന്ന് അല്‍പ്പം അകലുന്നതായും കണ്ടെത്തിയിരുന്നു.

യുവജനങ്ങളുടെ കാര്യത്തില്‍ മതപരമായ പുനരുജ്ജീവനം നടക്കുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നെങ്കിലും, ദേശീയതലത്തിലുള്ള സര്‍വേകളില്‍ അത്തരം പ്രവണതയുടെ വ്യക്തമായ തെളിവുകളില്ലെന്ന് പ്യൂ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ യുവജനങ്ങള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഇപ്പോഴും വളരെ കുറച്ചുമാത്രം മതതാല്പര്യം പുലര്‍ത്തുന്നവരാണ്. കൂടാതെ ഒരു ദശകം മുന്‍പുള്ള യുവജനങ്ങളെക്കാള്‍ മതബന്ധം കുറഞ്ഞവരുമാണ്. യുവപുരുഷന്മാര്‍ ക്രിസ്ത്യാനിത്വത്തിലേക്ക് വലിയ തോതില്‍ മാറുന്നു എന്ന അവകാശവാദവും കണക്കുകള്‍ പ്രകാരം ശരിയല്ല.

അതേസമയം, ചില സൂക്ഷ്മമായ മാറ്റങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യുവപുരുഷന്മാരുടെയും യുവതികളുടെയും മതതാല്പര്യത്തില്‍ മുന്‍കാലത്തെന്നപോലെ വ്യക്തമായ വ്യത്യാസമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതിന് കാരണം പുരുഷന്മാരിലെ വര്‍ധനയല്ല, സ്ത്രീകളില്‍ ഉണ്ടായ ഇടിവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റവും ചെറുപ്പക്കാരായ യുവജനങ്ങള്‍ ചില സൂചകങ്ങളില്‍ അല്പം കൂടുതല്‍ മതപരമായി തോന്നുന്നുണ്ടെങ്കിലും, ഇത് താല്‍ക്കാലികമായിരിക്കാമെന്നും പ്രായമേറുന്നതോടെ അവരിലും ഇടിവ് പ്രകടമാകാറുണ്ടെന്നും പ്യൂ വിലയിരുത്തുന്നു.

മൊത്തത്തില്‍ അമേരിക്കന്‍ സമൂഹത്തില്‍ മതം ഇപ്പോള്‍ ഒരു പുതിയ ഉയര്‍ച്ചയിലേക്കല്ല, മറിച്ച് ഒരു സ്ഥിരതാപരമായ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ക്രിസ്തുമതം മതപരിവര്‍ത്തനത്തിലൂടെ കൂടുതല്‍ ആളുകളെ നേടുന്നതിലുപരി നഷ്ടപ്പെടുത്തുന്നതും മതബന്ധമില്ലാത്തവരുടെ എണ്ണം ഉയര്‍ന്നതായും പഠനം വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായുള്ള ഇടിവിന് ശേഷമുള്ള ഈ നിശ്ചലാവസ്ഥ ഭാവിയില്‍ ഏതു ദിശയിലേക്ക് മാറുമെന്നത് കാത്തിരുന്ന് കാണേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.