ഷെറിന്‍ കൊലക്കേസ്: വെസ്‌ലി മാത്യൂസിന്റെ പുനർവിചാരണ അപ്പീല്‍ തള്ളി


SEPTEMBER 7, 2019, 12:51 AM IST

ന്യൂയോര്‍ക്ക്: ഷെറിന്‍മാത്യു കൊലക്കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന വളര്‍ത്തച്ഛന്‍ വെസ്‌ലിമാത്യുസിന്റെ അപ്പീല്‍ ഡാലസ് കോടതി തള്ളി. ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് സംഭവിച്ചുവെന്നും ഷെറിനെ സഹായിക്കുന്നതിനായി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വെസ്‌ലി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന വെസ്‌ലിയുടെ അപ്പീല്‍ ഡാലസ് കൗണ്ടി ജഡ്‌ജി തള്ളുകയായിരുന്നു.

ജൂണിൽ ഈ ജഡ്‌ജിയുടെ കോർട്ടിൽ തന്നെയായിരുന്നു കേസിന്റെ ആദ്യ വിചാരണയും ശിക്ഷാവിധിയുമുണ്ടായത്.2017 ഒക്ടോബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്‌ലി മാത്യൂസിന്റെയും ദത്തുപുത്രി മൂന്നുവയസുകാരി  ഷെറിനെ വീട്ടില്‍ നിന്നും കാണാതാകുകയും രണ്ടാഴ്‌ചയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. 

അന്വേഷണത്തില്‍ വെസ്‌ലി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡാലസ് കോടതി വെസ്‌ലി മാത്യൂസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ പരോളിന് അര്‍ഹതയുള്ളുവെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.പുനർവിചാരണ ഹർജി തള്ളിയ സാഹചര്യത്തിൽ മരണം വരെ ജയിലിൽ തുടരണമെന്ന വിധി നിലനിൽക്കും.