വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസും എഫ്ബിഐയും

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസും എഫ്ബിഐയും


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ശനിയാഴ്ച രാത്രി വെടിവെപ്പിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിന്റെ നോർത്ത് ലോൺ പ്രദേശം സുരക്ഷാ സേന ഒഴിപ്പിക്കുകയും അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസ് സീക്രട്ട് സർവീസ് സാമൂഹ്യമാധ്യമമായ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, 17ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂവിനും സമീപം വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകൾ ലഭിച്ചതായി അറിയിച്ചു. സ്ഥലത്തെ ഉദ്യോഗസ്ഥരുമായി ചേർന്ന് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സീക്രട്ട് സർവീസ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് എഫ്ബിഐ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അന്വേഷണത്തിൽ സീക്രട്ട് സർവീസിനെ സഹായിക്കുന്നതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. 'സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പിന്നീട് പൊതുജനങ്ങളെ കൂടുതൽ വിവരങ്ങൾ അറിയിക്കും,' എന്ന് അദ്ദേഹം പ്രതികരിച്ചു.

സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മാധ്യമപ്രവർത്തകരെ അതിവേഗം വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിലേക്ക് മാറ്റി.

സംഭവത്തിന്റെ സ്വഭാവം, വെടിവെപ്പ് യഥാർത്ഥത്തിൽ നടന്നോയെന്നത്, ആരെങ്കിലും കസ്റ്റഡിയിലുണ്ടോയെന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അമേരിക്കൻ തലസ്ഥാനത്ത് വലിയ സുരക്ഷാ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.