ഷെറിന്റെ മരണം : ജീവപര്യന്തം ശിക്ഷയിൽ പുനർവിചാരണ തേടി വെസ്‌ലി മാത്യൂസ് 


JULY 21, 2019, 2:35 AM IST

ഡാലസ്:അമേരിക്കയിലെ ടെക്‌സാസിൽ മൂന്നുവയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വളർത്തുപിതാവ് വെസ്‌ലി മാത്യൂസ് പുനർവിചാരണക്ക് ശ്രമം തുടങ്ങി.ഡാലസ് കോടതിയിൽ കേസ് പരിഗണിച്ച വേളയിൽ വെസ്‌ലി മാത്യൂസിനു മാന്യമായ വിചാരണ ലഭിച്ചില്ലെന്ന് വെസ്‌ലിയുടെ അഭിഭാഷകൻ ബ്രൂക്ക് ബസ്ബി മാധ്യമങ്ങളോട് പറഞ്ഞു.കേസ് പുനർവിചാരണ ചെയ്യുന്നതിനു അപേക്ഷാ നടപടി ക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്‌ച പഴക്കം ചെന്ന,ഷെറിന്റെ അഴുകിയശരീരത്തിന്റെ ചിത്രങ്ങൾ  ജഡ്‌ജിമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചതാണ് മുൻവിധിയോടെയുള്ള നടപടികൾക്ക് കാരണമായി. മാന്യമായ വിചാരണ ലഭിച്ചില്ല.ഷെറിൻ മരിക്കുന്നതിനു മുമ്പ് ശരീരത്തിലെ അസ്ഥികൾക്കുണ്ടായ പൊട്ടൽ വെസ്‍ലി മാത്യൂസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ലെന്നും അഭിഭാഷകൻ ബ്രൂക്ക് ബസ്ബി വാദിക്കുന്നു. 

അതേസമയം ജൂൺ 26 ന് 12 അംഗ ജൂറി  ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ അംഗീകരിക്കുന്നതായാണ് വെസ്‌ലി മാത്യൂസ്  കോടതിയിൽ പറഞ്ഞത്.2017 ഒക്ടോബർ ഏഴിന് ഷെറിനെ നിർബന്ധിച്ചു പാൽ കുടിപ്പിക്കുമ്പോൾ  തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചുവെന്നും ശരീരം പ്ലാസ്റ്റിക് കവറിലാക്കി വീടിനു സമീപമുള്ള കലുങ്കിൽ ഉപോക്ഷിച്ചുവെന്നും വെസ്‌ലി മൊഴി നൽകിയിരുന്നു. എറണാകുളം സ്വദേശിയായ വെസ്‌ലിക്കൊപ്പം ഭാര്യ സിനി മാത്യൂസിനെയും കേസിൽ പ്രതിചേർത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

വെസ്‍ലി മാത്യൂസിന്റെ അഭിഭാഷകരുടെ കൂട്ടത്തിലേക്ക് പുതിയതായി മൈക്കിൾ കാസിലിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കേസുകളിൽ പുനർവിചാരണ എളുപ്പമല്ലെങ്കിലും ഇതിന് പ്രത്യേക പരിഗണന പരിഗണന ലഭിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ.

Other News