വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പരുക്കുകളോടെ ആശുപത്രിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പരുക്കുകളോടെ ആശുപത്രിയിൽ


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിനിടെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തെന്ന സംശയിക്കുന്ന ഒരാളെ സുരക്ഷാസേന കീഴടക്കിയതായി അമേരിക്കൻ നിയമനിർവഹണ ഉദ്യോഗസ്ഥർ അറിയിച്ചു.

17ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂവിനും സമീപമുള്ള ചെക്‌പോയിന്റിലേക്ക് എത്തിയ ആളാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തെന്നാണ് വിവരം. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾക്ക് പരിക്കേറ്റു. അക്രമി നിലവിൽ ജോർജ് വാഷിംഗ്ടൺ യൂണുവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംശയിക്കപ്പെടുന്നയാൾ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണെന്നും ഇയാൾക്കെതിരെ മുൻപ് 'സ്റ്റേ എവേ ഓർഡർ' പുറപ്പെടുവിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി.യു.എസ് സീക്രട്ട് സർവീസിനൊപ്പം, എഫ്ബിഐയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.

സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.