ന്യൂയോര്‍ക്ക്: ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചതിന് പിടിയിലായ ഇന്ത്യന്‍ വനിത കരഞ്ഞു മാപ്പു പറയുന്ന വീഡിയോ വൈറലായി. വീഡിയോയുടെ തിയ്യതിയോ സംഭവം നടന്ന സ്‌റ്റോറോ വ്യക്തമല്ല.
വീഡിയോ ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരോട് ''സോറി സര്‍, പ്ലീസ്'' എന്ന് ആവര്‍ത്തിച്ച് മാപ്പ് ചോദിക്കുന്നുണ്ട്. താന്‍ എടുത്ത സാധനങ്ങളുടെ വില അടക്കാന്‍ മറന്നതാണെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.
പൊലീസ് പല തവണ വനിതയോട് തിരിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ കരഞ്ഞുകൊണ്ട് അതിനെ അവഗണിക്കുകയും കൈകള്‍ കൂപ്പി 'നോ സര്‍, സോറി, പ്ലീസ്' എന്നു പറഞ്ഞ് അപേക്ഷിക്കുകയുമാണ്.
വീഡിയോ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതെങ്കിലും പിന്നീട് അത് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും അതിന്റെ നിരവധി പകര്‍പ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൊലീസുകാര്‍ യുവതിയെ അറസ്റ്റ് ചെയ്തതോടെ ഇനിയെന്താണെന്ന വനിതയുടെ ചോദ്യത്തിന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം വിട്ടയക്കുമെന്നും അതിന് ഏതാനും മണിക്കൂറുകളെടുക്കുമെന്നും പൊലീസുകാര്‍ മറുപടി നല്‍കുന്നുണ്ട്.
തന്റെ ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന് വനിത കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ടെങ്കിലും പൊലീസ് അത് നിരസിക്കുകയായിരുന്നു.
ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്ന് അവര്‍ എന്താണ് മോഷ്ടിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും പ്രസ്തുത പ്രവര്‍ത്തിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.
തങ്ങളുടെ രാജ്യത്ത് വന്‍തോതില്‍ കവര്‍ച്ച നടത്തുന്നവര്‍ക്ക് ശിക്ഷയില്ലാതെ രക്ഷപ്പെടുന്നത് കാണുന്ന ഇവര്‍ക്ക് ചെറിയ മോഷണം വലിയ കാര്യമല്ലെന്ന് തോന്നുന്നുവെന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എക്‌സില്‍ കുറിച്ചത്.
എന്തിനാണ് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമെത്തിയാലും ഇവര്‍ മോഷ്ടിക്കുന്നതെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പോലും മോഷണം നടത്തുന്നവര്‍ തന്നെയാണ് ഇവരെന്നും വിദേശ പഠനത്തിനും യാത്രയ്ക്കും സാധിക്കുന്ന ഏറ്റവും വിദ്യാഭ്യാസമുള്ള ഒരു ശതമാനം ഇന്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണിവരെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
ഇന്ത്യയില്‍ കരഞ്ഞ് അപേക്ഷിച്ചാല്‍ കാര്യങ്ങള്‍ തീരാറുണ്ടെന്നും എന്നാല്‍ ഇവിടെ അത് നടക്കില്ലെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
