സ്പെല്ലിങ് ബീ നേട്ടങ്ങൾക്കു പിന്നിലെ കഥ 


AUGUST 10, 2020, 10:55 AM IST

 

യുഎസിലെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമേ ഇന്ത്യൻ-അമേരിക്കക്കാരുള്ളൂ. എന്നാൽ കഴിഞ്ഞ 20ലേറെ വർഷങ്ങളായി സ്ക്രിപ്സ് നാഷണൽ സ്പെല്ലിങ് ബീ മത്സരത്തിൽ അവരാണ് ആധിപത്യം വഹിക്കുന്നത്. 

കൊറോണ വൈറസ് മഹാമാരി കാരണം 2020ലെ മത്സരം റദ്ദാക്കി. 2019ൽ 8 പേരാണ്‌ സഹജേതാക്കളായത്. അവരിൽ 7 പേരും ഇന്ത്യൻ-അമേരിക്കക്കാരാണ്. 1999നു ശേഷം 26 ഇന്ത്യൻ-അമേരിക്കക്കാരാണ്‌ ചാമ്പ്യന്മാരായത്.  "സ്പെല്ലിങ് ദ് ഡ്രീം" എന്ന പേരിൽ ഒരു ഡോക്യൂമെന്ററി പോലും ഈ വിജയത്തെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടേണ്ടി വരുന്ന തടസ്സങ്ങളെ മറികടക്കാനുള്ള പ്രതിബദ്ധതയാണ് ഈ മത്സരങ്ങളിൽ തെളിയുന്നത്. അതേസമയം മനഃപൂർവമല്ലെങ്കിലും ഈ നേട്ടങ്ങൾ വിദ്യാഭ്യാസപരമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

"ഹൈപ്പർ എഡ്യൂക്കേഷൻ: വൈ ഗുഡ് സ്‌കൂൾസ്, ഗുഡ് ഗ്രേഡ്സ് ആൻഡ് ഗുഡ് ബിഹേവിയർ ആർ  നോട്ട് ഇനഫ്" എന്ന പുസ്തകത്തിന്റെ രചനക്കായുള്ള ഗവേഷണത്തിന്റെ ഭാഗമായി അതിന്റെ രചയിതാവ് സ്പെല്ലിങ് ബീസ്, മാത്‍സ് മത്സരങ്ങളിലും സ്‌കൂൾ പഠനത്തിന് ശേഷം മറ്റു അക്കാഡമിക് പരിപാടികളിലും പങ്കെടുക്കുന്ന കുട്ടികളുള്ള ഇന്ത്യൻ അമേരിക്കക്കാരുടെയും വെള്ളക്കാരുടെയും മറ്റും കുടുംബങ്ങൾക്കൊപ്പം വർഷങ്ങളോളം ചിലവഴിക്കുകയുണ്ടായി. 

എന്തുകൊണ്ടാണ് സ്പെല്ലിങ് ബീസിൽ ഇന്ത്യൻ അമേരിക്കൻ കുട്ടികൾ മേധാവിത്വം പുലർത്തുന്നതെന്ന് അതിലെ ഒരധ്യായത്തിൽ വിവരിക്കുന്നുണ്ട്. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനായി അവരുടെ കുടുംബങ്ങൾ കാട്ടുന്ന പ്രതിബദ്ധതയും ചിലവഴിക്കുന്ന സമയവും പണവുമാണ് ആ വിജയത്തിന് പിന്നിലെന്ന് അതിൽ പറയുന്നു. സ്പെല്ലിങ് ബീസിൽ  മാത്രമല്ല, ഭൂമിശാസ്ത്രം, മാത്‍സ് തുടങ്ങി മറ്റു അക്കാഡമിക് മത്സരങ്ങളിലും അവർ മികവ് പുലർത്തുന്നു. 

എന്തുകൊണ്ടാണ് ഈ മത്സരങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിലും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും കുടുംബങ്ങൾ ഇത്ര ശ്രദ്ധ ചെലുത്തുന്നതെന്നതും ശ്രദ്ധേയമാണ്. 

യുഎസിലെ ഭൂരിപക്ഷം കുട്ടികളും സ്‌കൂളിന് പുറമേയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. അത് സാധാരണ സ്പോർട്സ്, കലകൾ, മതം അല്ലെങ്കിൽ മറ്റു സാമൂഹ്യപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ കുട്ടികളും ഇവയിലൊക്കെ പങ്കെടുക്കുമെങ്കിലും അവരിൽ പലരുടെയും മാതാപിതാക്കൾ പാഠ്യവിഷയങ്ങൾക്കു പുറമെയുള്ള അക്കാഡമിക് പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് മത്സരങ്ങളിൽ,  മക്കളെ പങ്കെടുപ്പിക്കുന്നതിന്  ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിന് ശക്തമായ അക്കാഡമിക് റെക്കോഡ് ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിലൂടെ മാതാപിതാക്കൾ വിദ്യാഭ്യാസം നേടിയ കോളേജ് (കോളേജ് ലിഗസി  സ്റ്റാറ്റസ്) തുടങ്ങിയ ദുർബ്ബലമായ കാര്യങ്ങളുടെ കുറവ് നികത്താൻ കഴിയുമെന്ന് അവർ കരുതുന്നു. 

ഏഷ്യൻ അമേരിക്കക്കാരെന്ന  നിലയിൽ മക്കൾ ടെസ്റ്റിൽ ഉയർന്ന സ്‌കോറുകൾ നേടിയില്ലെങ്കിൽ കോളേജ് പ്രവേശന അധികാരികൾ  തങ്ങളുടെ മക്കൾക്ക് പ്രവേശനം നിഷേധിക്കുമെന്ന ആശങ്കയും മാതാപിതാക്കൾക്കുണ്ട്. തങ്ങളുടെ കുട്ടികൾ മറ്റു വിഭാഗക്കാരെക്കാൾ 130 പോയിന്റുകൾ കൂടുതൽ നേടേണ്ടതുണ്ടെന്നാണ് എസ്എടി കോളേജ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരു സ്പെല്ലിങ് മത്സരാർത്ഥിയുടെ പിതാവ് പറഞ്ഞത്. ട്യൂഷൻ സെന്ററുകളും സ്പെല്ലിങ് ബീസും ഉയർന്ന സ്‌കോറുകൾ നേടാൻ മക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോളേജ് വിദ്യാഭ്യാസത്തിനു ആഗ്രഹിക്കുന്ന കുട്ടികളിൽ കൂടുതൽ മത്സര സ്വഭാവം കൈവരുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ മാതാപിതാക്കളെ അതിനു പ്രേരിപ്പിക്കുന്നു. പല മാതാപിതാക്കളും വലിയ അക്കാഡമിക് പ്രതീക്ഷകൾ പുലർത്തിയതിലൂടെ ബിരുദാനന്തര  ബിരുദങ്ങൾ  നേടിയവരാണ്. 

ഇന്ത്യൻ- അമേരിക്കൻ കുട്ടികൾ  ഉയർന്ന  ടെസ്റ്റ് സ്‌കോറുകൾ നേടുകയും സ്പെല്ലിങ്, മാത്‍സ് മത്സരങ്ങളിലും മറ്റു ബൗദ്ധിക മത്സരങ്ങളിലും പങ്കെടുക്കുന്നതിലൂടെ ശക്തമായി മുന്നേറുകയും ചെയ്യുമ്പോൾ അവരറിയാതെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതക്ക് അവരുടേതായ സംഭാവനകൾ നൽകുക കൂടി ചെയ്യുകയാണ്: ഉയർന്ന വരുമാനക്കാരായ കുടുംബങ്ങളും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന  വിദ്യാഭ്യാസപരമായ അന്തരമാണത്.

Other News