നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ആറ് ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് ജേതാക്കള്‍


MAY 31, 2019, 8:28 PM IST

ഓക്‌സണ്‍ ഹില്‍ (മേരിലാന്‍ഡ്): സ്‌ക്രിപിസ് നാഷണല്‍ സ്‌പെല്ലിംഗ് മത്സരത്തിന്റെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് ആറ് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ സംയുക്ത ജേതാക്കളായി. മത്സരത്തിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും പേര്‍ ഒരുമിച്ചു ജേതാക്കളാകുന്നത്. 

ഓക്‌സണ്‍ ഹില്ലില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ഫെനലില്‍ കടുകട്ടിയായ 20 റൗണ്ട് പിന്നിട്ടപ്പോഴും 12 മുതല്‍ 14 വയസു വരെ പ്രായമുള്ള എട്ടു പേര്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വാക്കുകള്‍ക്ക് ദൗര്‍ലഭ്യമായെന്നു പറഞ്ഞ് സംഘാടകര്‍ എട്ടു പേരെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 12 വര്‍ഷമായി ഈ മത്സരത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ജേതാക്കളാകുന്ന പതിവിന് ഒരു മാറ്റവും സംഭവിച്ചില്ലെന്നു മാത്രമല്ല ആറു പേര്‍ കിരീടം നേടി എന്നതും ശ്രദ്ധേയമായി.

അമേരിക്കയില്‍ നിന്നും, ആറ് ഇതര രാജ്യങ്ങളില്‍ നിന്നുമായി 15 വയസില്‍ താഴെയുള്ള 562 വിദ്യാര്‍ഥികളാണ് ഈ മത്സരത്തില്‍ മാറ്റുരച്ചത്. റിഷിക് ഗാന്ദാസ്രി, ശ്രുതിക പാഥി, എറിന്‍ ഹോവാര്‍ഡ്, സോഹും സുക്ഹതാന്‍കര്‍, അഭിജയ് കോടാലി, ക്രിസ്റ്റോഫര്‍ സെറോ, റോഹന്‍ രാജ എന്നിവരാണ് ജേതാക്കളായത്. വിജയികള്‍ക്ക് സമ്മാനമായി 50000 ഡോളറും, 2500 ഡോളറിന്റെ സേവിംഗ്‌സ് ബോണ്ടും, റഫറന്‍സ് ബുക്കുകളും ലഭിക്കും. 1925 ലാണ് ഈ മത്സരം ആരംഭിച്ചത്. 1943, 44, 45 വര്‍ഷങ്ങളില്‍ മത്സരം നടത്തിയിരുന്നില്ല. 


Other News