നവംബറിലെ ഭക്ഷ്യസഹായ ആനുകൂല്യങ്ങള്‍ തല്‍ക്ഷണം നല്‍കണമെന്ന ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ നീട്ടി

നവംബറിലെ ഭക്ഷ്യസഹായ ആനുകൂല്യങ്ങള്‍ തല്‍ക്ഷണം നല്‍കണമെന്ന ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ നീട്ടി


വാഷിംഗ്ടണ്‍: നവംബര്‍ മാസത്തെ പൂര്‍ണ്ണ ഭക്ഷ്യസഹായ (SNAP) ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന ഫെഡറല്‍ കോടതിയുത്തരവിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീട്ടി.

ജസ്റ്റിസ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നല്‍കിയിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് സ്‌റ്റേയാണ് സുപ്രീംകോടതി ചൊവ്വാഴ്ച കൂടി നീട്ടിയത്. എന്നാല്‍, ഇതിനെതിരെ എതിര്‍പ്പു രേഖപ്പെടുത്തിയ ഏക ജഡ്ജിയും ജാക്‌സണ്‍ തന്നെയായിരുന്നു.

കോടതി തീരുമാനം വിശദീകരിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനും സ്‌നാപ്പിന് പൂര്‍ണ്ണമായ ധനസഹായം നല്‍കാനും ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ നീക്കം.

ജസ്റ്റിസ് ജാക്‌സണ്‍ മുന്‍പ് തന്നെ ട്രംപ് ഭരണകൂടത്തിന്റെ അപേക്ഷ തള്ളേണ്ടതാണെന്നും പൂര്‍ണ്ണ ആനുകൂല്യം ഉടന്‍ വിതരണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഫെഡറല്‍ സര്‍ക്കാരിന് 'ഇന്ന് തന്നെ ഏകദേശം നാലു ബില്യണ്‍ ഡോളര്‍ മാറ്റേണ്ടി വരുന്ന സ്ഥിതിയുണ്ടാകുമെന്ന്' സൂചിപ്പിച്ച് സ്‌റ്റേ ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സോവര്‍ വെള്ളിയാഴ്ച അപേക്ഷിച്ചിരുന്നു.

സ്‌നാപ് ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി നല്‍കുന്നത് 'റദ്ദാക്കാന്‍' സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട കാര്‍ഷികവകുപ്പിന്റെ (USDA) ഉത്തരവിന് തിങ്കളാഴ്ച യു.എസ്. ജില്ലാ ജഡ്ജി ഇന്ദിര തല്‍വാനി വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുന്‍പ് യു.എസ്. ജില്ലാ ജഡ്ജി മക്കോനെല്‍  നവംബര്‍ മാസത്തേക്ക് സ്‌നാപ്പിന് പൂര്‍ണ്ണമായി ഫണ്ടുചെയ്യണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന്  സംസ്ഥാനങ്ങളോട് 'നവംബറിലെ പൂര്‍ണ്ണ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കണം' എന്ന് കാര്‍ഷിക വകുപ്പും നിര്‍ദേശിച്ചു.

എന്നാല്‍ ഭരണകൂടം ഏകദേശം 4.5 ബില്യണ്‍ ഡോളര്‍ ഭാഗികമായി അനുവദിക്കാമെന്ന നിലപാടിലാണ്. ബാക്കി തുക കുട്ടികള്‍ക്കുള്ള WIC പദ്ധതികള്‍ക്കായി ആവശ്യമാണ് എന്ന് കേന്ദ്രം വ്യക്തമാക്കി.

കാര്‍ഷിക വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് 20 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ നേരിടുന്ന അവസ്ഥ, ഏജന്‍സിയുടെ തന്നെ കുഴപ്പത്തിന്റെ ഫലമാണെന്ന്  ജഡ്ജി തല്‍വാനി ഹിയറിംഗിനിടെ പരാമര്‍ശിച്ചു.