ടെക്‌സാസിലെ സ്‌കൂളുകളില്‍ സായുധരായ കൂടുതല്‍ അധ്യാപകരുടെ  സാന്നിധ്യത്തിന് അനുമതി


JUNE 7, 2019, 10:29 PM IST

ഓസ്റ്റിന്‍: സ്‌കൂളുകളിലുണ്ടാകുന്ന കൂട്ടക്കൊല തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെക്‌സാസിലെ സ്‌കൂളുകളില്‍ സായുധരായ കൂടുതല്‍ അധ്യാപകരുടെ സാന്നിധ്യം അനുവദിക്കുന്നതിനും, മാനസിക ആരോഗ്യ സര്‍വീസ് സേവനം വര്‍ധിപ്പിക്കുന്നതിനും അനുമതി നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2018 ല്‍ ഹൂസ്റ്റണിലെ സാന്റ ഫെ ഹൈസ്‌കൂളില്‍ എട്ടു വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. 

ഓരോ കാമ്പസുകള്‍ക്കും ഉചിതമെന്നു തോന്നുന്നത്ര സായുധാരായ അധ്യാപകരുടെ സാന്നിധ്യം അനുവദിക്കുവാന്‍ സ്‌കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ക്ക് അനുമതിയുണ്ടായിരിക്കും. കാമ്പസുകളില്‍ കൂടുതല്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലര്‍മാരെ നിയോഗിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മാനസിക വൈകല്യമുള്ളവരും അപകടകാരികളുമായ കുട്ടികളെ തിരിച്ചറിയുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും ഇതില്‍ പറയുന്നു.

കാമ്പസുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മെറ്റല്‍ ഡിറ്റക്ടറുകള്‍, വെഹിക്കിള്‍  ബാരിയേഴ്‌സ്, പുതിയ സെക്യൂരിറ്റി ഡോറുകള്‍, ഷൂട്ടര്‍ അലാറം സിസ്റ്റം തുടങ്ങിയവ സ്ഥാപിക്കാനും നിയമ നിര്‍മാതാക്കള്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെക്‌സാസിനെ നടുക്കിയ സംഭവത്തോട് ക്രിയാത്മകമായി പ്രതികിരച്ച്, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്‌കൂളുകളുടെ സുരക്ഷയാണ് ഈ വര്‍ഷത്തെ തന്റെ മുന്‍ഗണനാ വിഷയങ്ങളിലൊന്ന് എന്ന് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും, റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള നിയമ നിര്‍മാമ് സഭ സംസ്ഥാത്തെ തോക്കു വില്‍പനയുടെ കാര്യത്തിലോ, ഹാന്‍ഡ് ഗണ്‍ കൈവശമുള്ള 1.3 മില്യണ്‍ ആളകളുടെ കാര്യത്തിലോ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതിനെപ്പറ്റി മൗനം പാലിക്കുകയാണ്. തങ്ങള്‍ക്കു തന്നെയും മറ്റുള്ളവര്‍ക്കും അപകടകാരികളായവര്‍ക്ക് തോക്കു ലഭിക്കുന്നതു തടയാനും, വീടുകളില്‍ അലക്ഷ്യമായി തോക്കുകള്‍ സൂക്ഷിക്കുന്നതിനു പിഴ ഏര്‍പ്പെടുത്താനുമുള്ള നീക്കങ്ങള്‍ നിയമ നിര്‍മാണ സഭയില്‍ പരാജയപ്പെടുകയായിരുന്നു. ഇത്തരം സമീപനമല്ല ഇപ്പോള്‍ ആവശ്യമെന്നും , നിയമ നിര്‍മാണ സഭ പാസാക്കിയ ബില്ലാണ് ഏറ്റവും യോജിച്ചതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 


Other News