വാഷിംഗ്ടണ്‍ : സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള റിപ്പബ്ലിക്കന്‍ ബില്ലിന് ഫെഡറല്‍ തൊഴിലാളികളുടെ ഏറ്റവും വലിയ യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് (AFGE) ഈ ആഴ്ച നല്‍കിയ പിന്തുണയോട് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഡെമോക്രാറ്റുകള്‍ സ്വീകരിച്ച തന്ത്രത്തിനാണ് ഭൂരിഭാഗം യൂണിയനുകളും ഇപ്പോഴും പിന്തുണ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാതെയും പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നതിനിടയിലാണ് എ.എഫ്.ജി.ഇ (AFGE) റിപ്പബ്ലിക്കന്‍ ബില്ലിന് പിന്തുണ നല്‍കിയത്. എന്നാല്‍, 'ഫെഡറല്‍ ജീവനക്കാരുടെ ദുരിതം മനസ്സിലാക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്‍ (SEIU) 32BJ ഉപാധ്യക്ഷന്‍ ജെയ്മി കോണ്‍ട്രെറാസ് പറഞ്ഞു.
SEIU 32BJയില്‍പ്പെട്ട ഏകദേശം 2,400 ഫെഡറല്‍ കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പുനരാരംഭിക്കുമ്പോള്‍ ബാക്ക് പേ ലഭിക്കാനുള്ള ഉറപ്പില്ലെന്നും കോണ്‍ട്രെറാസ് പറഞ്ഞു. 'ഇവരാണ് ഈ ഷട്ട്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചവര്‍. എങ്കിലും ഞങ്ങളുടെ ഡെമോക്രാറ്റ് സുഹൃത്തുക്കള്‍ ശക്തമായി നിലകൊള്ളണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ ഏറ്റവും വലിയ തൊഴിലാളി ഫെഡറേഷനായ AFL-CIOയുടെ പ്രസിഡന്റ് ലിസ് ഷുലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'ഫെഡറല്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ഭക്ഷണബാങ്കുകളില്‍ ക്യൂനില്‍ക്കുമ്പോള്‍, ട്രംപ് തൊഴിലാളികളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഷുലര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'സര്‍ക്കാരിനെ പുനരാരംഭിക്കാനും ആരോഗ്യപരിപാലന പ്രതിസന്ധി പരിഹരിക്കാനും സമയമായെന്നും ലിസ് ഷുലര്‍ ഓര്‍മ്മിപ്പിച്ചു.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി ഡെമോക്രാറ്റുകളെയാണ് തടസ്സത്തിന് ഉത്തരവാദികളാക്കിയതെങ്കിലും, പല യൂണിയനുകളും ഡെമോക്രാറ്റിക് നിലപാടിനാണ് പിന്തുണ പ്രഖ്യാപിച്ചത്. ആരോഗ്യപരിപാലനത്തിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് നാഷണല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ (NEA)യും യുണൈറ്റഡ് സ്റ്റീല്‍വര്‍ക്കേഴ്‌സ് പ്രസിഡന്റ് ഡേവിഡ് മക്കോളും വ്യക്തമാക്കി.
'ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും, ഭൂരിഭാഗം തൊഴിലാളി പ്രസ്ഥാനങ്ങളും ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്ന് യൂണിയന്‍ ചരിത്രവിദഗ്ധന്‍ ജോണ്‍ ലോഗന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, AFGE-യെ പിന്തുണച്ച ടീംസ്‌റ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഷോണ്‍ ഒബ്രൈന്‍ 'തൊഴിലാളികളെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നടുവില്‍ നിര്‍ത്തരുത് ' എന്ന് വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ ഫണ്ടിംഗ് ബില്‍ പാസാക്കാന്‍ സെനറ്റ് ഫിലിബസ്റ്റര്‍ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തര്‍ക്കങ്ങളും വിയോജിപ്പുകളും കൂടുതല്‍ ശക്തമാകുന്നതോടെ 30ആം ദിവസത്തിലേക്ക് കടന്ന സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്.
ഷട്ട്ഡൗണ്‍: റിപ്പബ്ലിക്കന്‍ ബില്ലിന് നല്‍കിയ പിന്തുണയെ ചൊല്ലി പ്രധാന തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ഭിന്നത
