ട്രംപും സൗദി കിരീടാവകാശിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

ട്രംപും സൗദി കിരീടാവകാശിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും


വാഷിങ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏഴ് വര്‍ഷത്തിന് ശേഷം വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നിര്‍ണായകമായ സുരക്ഷാ- പ്രതിരോധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇസ്രായേലുമായുള്ള ബന്ധം സാധാരണമാക്കല്‍ ട്രംപ് വീണ്ടും ഉന്നയിക്കുമെന്ന് ഉറപ്പായിരിക്കെ, നിലവിലെ പ്രാദേശിക സംഘര്‍ഷ സാഹചര്യത്തില്‍ റിയാദ് അതിന് തയ്യാറാകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ഇസ്രായേല്‍ ഖത്തറിനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണം ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിച്ചതോടെ യു എസില്‍ നിന്ന് കൂടുതല്‍ ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നേടുക തന്നെയാണ് സൗദിയുടെ മുഖ്യ ലക്ഷ്യമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദി കിരീടാവകാശിക്കതെിരെ പ്രതികരണങ്ങളുണ്ടായിരുന്നു. എങ്കിലും ട്രംപുമായുള്ള സൗഹൃദ ബന്ധം 2025 മെയ് മാസത്തെ യു എസ് പ്രസിഡന്റിന്റെ  സന്ദര്‍ശനത്തോടെ ദൃഢമായിരുന്നു.

സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. ചൊവ്വാഴ്ചയാണ് ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടക്കുക. ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യു എസ്- സൗദി നിക്ഷേപ ഫോറം ഊര്‍ജം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലകളിലെ സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടും.

മധ്യ കിഴക്കന്‍ നയതന്ത്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സൗദി അറേബ്യയെ അബ്രാഹം കരാറില്‍ ചേര്‍ത്താല്‍ വൈറ്റ് ഹൗസിന് വലിയ നേട്ടമാകും എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. പക്ഷേ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റിയാദ് നിലവില്‍ ഇതിന് തയ്യാറാകാന്‍ സാധ്യതയില്ല.

പാലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം ലഭിക്കണമെന്ന നിബന്ധന വീണ്ടും ആവര്‍ത്തിച്ച് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ചര്‍ച്ചാ സംഘത്തെ നയിക്കുന്ന മനാല്‍ റദ്വാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഖത്തറുമായി അമേരിക്ക ഒപ്പുവെച്ച തങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ യു എസ് പ്രതിരോധം ഉറപ്പാക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറിന് സമാനമായ കരാറാണ് സൗദിയും ലക്ഷ്യമിടുന്നു.

കൂടാതെ, വികസിത വ്യോമമിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിഡില്‍ ഈസ്റ്റില്‍ നിലവില്‍ ഇസ്രായേലിന് മാത്രമുള്ള എ35 യുദ്ധവിമാനങ്ങള്‍ വാങ്ങാനും റിയാദ് ആലോചിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികള്‍ക്ക് ആവശ്യമായ ഹൈടെക് ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കുന്നതും സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകളിലൊന്നാണ്.

സിറിയയിലെ 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള ഭരണ മാറ്റത്തെ തുടര്‍ന്ന് സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കാന്‍ തന്നെ പ്രേരിപ്പിച്ചത് കിരീടാവകാശിയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍-ഷറയെ വൈറ്റ് ഹൗസില്‍ വരവേറ്റതാണ് ഈ ബന്ധത്തിന്റെ ശക്തി തെളിയിക്കുന്നത്. സൗദി- അമേരിക്ക ബന്ധങ്ങളുടെ അടുത്ത അധ്യായം നിര്‍ണയിക്കുന്ന സന്ദര്‍ശനമായിരിക്കും ഇത് എന്നാണ് വിശകലനം.