ആരാധനാലയങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണം -ട്രംപ്


MAY 23, 2020, 1:58 AM IST

വാഷിങ്ടണ്‍: പള്ളികള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ എത്രയുംവേഗം തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആരാധനാലയങ്ങള്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്ന അവശ്യ ഇടങ്ങളാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നടപടികള്‍മൂലം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്നു. പലരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു. ഈ വാരാന്ത്യത്തോടെ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണം. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, അതിനുമേല്‍ അധികാരം പ്രയോഗിക്കും. അമേരിക്കയില്‍ നമുക്ക് കുറവല്ല, വളരെയേറെ പ്രാര്‍ത്ഥനയാണ് ആവശ്യം. നമ്മുടെ സമുഹത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ആരാധനാലയങ്ങള്‍ അടിച്ചിടാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ അസാധുവാക്കാന്‍ ട്രംപിന് എന്ത് അധികാരമാണ് ഉള്ളതെന്ന് വ്യക്തമല്ല. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ നിര്‍ദേശിച്ചില്ലെങ്കില്‍ ട്രംപ് എന്ത് നടപടിയെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക് ഇനാനിയും വ്യക്തമാക്കിയിട്ടില്ല. ഈ ഞായറാഴ്ച, രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് അവരുടെ ദൈവത്തോട് പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നുമാത്രമാണ് കെയ്‌ലി പറഞ്ഞത്.

Other News