ഡോളറിനെ ദുർബ്ബലമാക്കാൻ ട്രംപ്   


JULY 19, 2019, 10:57 AM IST

ഡോളർ ദുർബ്ബലമായിക്കാണാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്നതൊരു രഹസ്യമല്ല. അതിലൂടെ അമേരിക്കൻ സമ്പദ്ഘടനയെ ശക്തമാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. മറ്റു കറൻസികളെ അപേക്ഷിച്ചു ഡോളർ വളരെ ശക്തമാണെന്ന് ട്രംപ് ആവർത്തിച്ചു പറയാറുണ്ട്. അദ്ദേഹം പറയുന്നത് ശരിയാണെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. ഡോളറിന് അമിതമൂല്യം കൽപ്പിച്ചിരിക്കുകയാണ്. അത് വിദേശ വ്യാപാരത്തെയും ഘനവ്യവസായ മേഖലയിലെ ഉൽപ്പാദന പ്രവർത്തനത്തെയും ദുർബ്ബലമാക്കുന്നു. വീണ്ടും തെരെഞ്ഞെടുക്കപ്പെടുന്നതിനുള്ള ട്രംപിന്റെ സാധ്യതകൾക്ക് ഇവ പ്രധാന ഘടകമാണ്. 

ഡോളറിന്റെ മൂല്യം കുറക്കുന്നതിനായുള്ള നടപടികൾ ട്രംപ് സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുകയാണ്. യുഎസിന്റെ സമീപകാല നയത്തിൽ നിന്നും തികച്ചും വ്യത്യസ്തവും വളരെ അപകടകരവുമായ ഒരു വ്യതിയാനമായിരിക്കുമത്. അത്തരമൊരു നയം എത്രത്തോളം ഫലപ്രദമാകുമെന്നത് വ്യക്തമല്ല. അതേസമയം മറ്റു രാജ്യങ്ങൾ തിരിച്ചടിക്കാൻ തുടങ്ങിയാൽ സ്ഥിതി വഷളാകുമെന്ന അപകടവുമുണ്ട്. അത് യുഎസിന്റെ ഇറക്കുമതി ചിലവുകൾ ഉയർത്തുകയും അമേരിക്കൻ കുടുംബങ്ങളുടെ ക്രയശേഷിയെ ദുർബ്ബലമാക്കുകയും ചെയ്യും. 

'ഒരു കറൻസി യുദ്ധത്തിന് അത് തിരികൊളുത്തും' എന്നാണു ബാങ്ക് ഓഫ് അമേരിക്ക നൽകിയിട്ടുള്ള മുന്നറിയിപ്പ്. 

ഡോളറിനെ ദുർബ്ബലമാക്കാൻ ഗവണ്മെന്റിനു പല മാർഗങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി തുടരുന്ന ശക്തമായ ഡോളർ എന്ന നയം ഉപേക്ഷിക്കുകയാണ് ഒരു മാർഗം. അല്ലെങ്കിൽ ട്രംപിന് ഡോളറിന്റെ മൂല്യം കുറച്ചു വിൽക്കാൻ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഉത്തരവ് നൽകാം. 1995 നു ശേഷം ഇത്തരത്തിലൊരു ഇടപെടൽ ഉണ്ടായിട്ടില്ല. വ്യാപാര രംഗത്ത് ധൃതഗതിയിൽ ട്രംപ് സ്വീകരിച്ചതായ നടപടികൾ 'എന്തും എപ്പോഴും  സംഭവിക്കാം' എന്ന ധാരണ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. കറൻസിയുടെ  കാര്യത്തിൽ ശക്തമായ നടപടി  ഉണ്ടാകുമെന്ന സൂചന പ്രസിഡന്റ് ട്രംപ് നൽകുകയും ചെയ്തു.  

ചൈനയും യൂറോപ്പും കറൻസികളിൽ വലിയ  കൃത്രിമം കാട്ടുന്നതായി ജൂലൈ 3നു നടത്തിയ ട്വീറ്റിൽ ട്രംപ് പറഞ്ഞു. അതിനു തത്തുല്യമായ നടപടികൾ സ്വീകരിക്കുകയോ അല്ലെങ്കിൽ പാവകളെപ്പോലെ നോക്കിയിരിക്കുകയോ ചെയ്യാമെന്നും ട്രംപ് പറഞ്ഞു. 

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നയം യൂറോയുടെ മൂല്യമിടിച്ചുവെന്നും അവർക്ക് അതിനാൽ വ്യാപാര മേഖലയിൽ യുഎസിനോട് മത്സരിക്കാൻ കഴിയുന്നതായും കഴിഞ്ഞമാസം ട്രംപ് പറഞ്ഞിരുന്നു. 

ഫെഡറൽ റിസർവിന്റെ നയവ്യതിയാനം കാരണം ഏതാനും കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യത്തിൽ ഒരു ശതമാനത്തിൽ കുറഞ്ഞ ഇടിവ് ഇപ്പോൾതന്നെ സംഭവിച്ചിട്ടുണ്ട്. 

ട്രംപ് പറയുന്നത് ശരിയാണെന്നതിനു തെളിവുണ്ട്. ഡോളറിനെതിരെ മിക്കവാറും എല്ലാ കറൻസികളും മൂല്യം കുറച്ചിട്ടുള്ളതായി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഇക്കണോമിസ്റ്റ് ബിഗ് മാക് ഇൻഡക്‌സ് വ്യക്തമാക്കുന്നു. 2016  മദ്ധ്യം മുതൽക്കാണ് ഏതാനും കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ദുർബ്ബലമാകുന്ന സാമ്പത്തിക സ്ഥിതിയെയാണത് കാണിക്കുന്നത്. ട്രംപ് സ്വീകരിച്ചതായ ചില നയങ്ങളും ഡോളറിനെ ശക്തമാക്കി. നികുതിയിളവുകളിലൂടെയും ഭരണ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിലൂടെയും യുഎസ് സമ്പദ്ഘടനയെ ശക്തമാക്കുന്നതിനും വ്യാപാരകമ്മി കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങൾ അതിലുൾപ്പെടും. 

ലോകത്തിന്റെ റിസർവ് കറൻസിയാണ് ഡോളർ എന്നതാണ് മറ്റൊരു ഘടകം. ആ പദവി ഡോളറിനുള്ള ആവശ്യം നിരന്തരം സൃഷ്ടിക്കുകയും അതിന്റെ മൂല്യം ശരിയായി നിർണ്ണയിക്കുന്നത് വിഷമകരമാക്കുകയും ചെയ്യുന്നു. ലോകത്തെവിടെയും ആധിപത്യം വഹിക്കുന്ന കറൻസിയാണ് ഡോളറെന്നും അതങ്ങനെതന്നെ തുടരുമെന്നും ട്രംപും പറഞ്ഞിട്ടുണ്ട്.

ബാങ്ക് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ ഡോളറിനെ ദുർബ്ബലമാക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം പ്രസിഡന്റ് ബിൽ ക്ലിന്റൺ 1995 ൽ പ്രഖ്യാപിച്ച 'ശക്തമായ ഡോളർ' എന്ന നയം ഉപേക്ഷിക്കുകയാണ്. അത് അമിത മൂല്യം സൃഷ്ടിച്ചിട്ടുള്ളതായ ഡോളറിന്റെ മൂല്യത്തിൽ 5% മുതൽ 10% വരെ ഇടിവുണ്ടാകുന്നതിന് ഇടയാകും.

ഡോളറിനെ ദുർബ്ബലമാക്കുന്നുവെന്നു ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുഷിൻ പ്രഖ്യാപിക്കേണ്ട ആവശ്യമൊന്നുമില്ല. ഡോളറിനു ന്യായമായ മൂല്യം യുഎസ് ആഗ്രഹിക്കുന്നുവെന്ന് മാത്രം പറഞ്ഞാൽ മതിയാകും. ശക്തമായ ഡോളർ എന്നൊരു നയം മറ്റൊരു പ്രധാന സമ്പദ്ഘടനക്കും ഇല്ലെന്നും അത് പ്രാവർത്തികമാക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ടുമെന്റ് പ്രായോഗികമായി ഒന്നും ചെയ്തിട്ടില്ലെന്നും ബാങ്ക് ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. 

അപ്പോഴും സ്വന്തം കറൻസികൾ ദുർബ്ബലമാക്കിക്കൊണ്ട് മറ്റു രാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയും.  

വിദേശ വിനിമയ വിപണിയിൽ നേരിട്ടുളള ഇടപെടലാണ് കൂടുതൽ ശക്തമായ മറ്റൊരു മാർഗം. എന്നാൽ അത് ആധുനിക കാലത്തെ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ല. നേരിട്ടുള്ള ഇടപെടൽ ഡോളർ ദുർബ്ബലമാകുകയും യെൻ ശക്തമാകുകയും വിദേശഓഹരി വിപണികൾ തകരുകയും ചെയ്യുന്നതുൾപ്പടെ വിപണിയിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അത്തരമൊരു നയത്തിന് പല കുഴപ്പങ്ങളുമുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. 

ഡോളറിനെ ദുർബ്ബലമാക്കുന്നതിനുള്ള തന്റെ ശ്രമങ്ങൾക്കൊപ്പം ഫെഡറൽ റിസർവിനെ ട്രംപിന് നിർത്തേണ്ടതായി വരും. യുഎസ് കറൻസി നയത്തിന്റെ അധികാരം ട്രഷറി ഡിപ്പാർട്ടുമെന്റിനാണെങ്കിലും ഡോളറിന്റെ മൂല്യം കുറയ്ക്കുന്നതിനായി അതിനു വിൽക്കാൻ കഴിയുന്ന തരത്തിൽ നിയന്ത്രണമുള്ള ആസ്തി താരതമ്യേന ചെറുതാണ്. ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലുള്ള എക്‌സ്‌ചേഞ്ച് സ്റ്റെബിലൈസേഷൻ ഫണ്ട് 22  ബില്യൺ ഡോളർ മാത്രമാണ്. ഫെഡറൽ റിസർവിന്റെ പിന്തുണയില്ലാതെ ഡോളറിന്റെ മൂല്യം കുറക്കുന്നതിനുള്ള ട്രഷറി ഡിപ്പാർട്ടുമെന്റിന്റെ ഏതൊരു നീക്കവും പരാജയപ്പെടുക മാത്രമേയുള്ളുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.  

കറൻസി വിപണിയിൽ ഇടപെടാമെന്ന് ഫെഡറൽ റിസർവ് സമ്മതിച്ചാൽപ്പോലും അത്തരമൊരു നീക്കത്തിന് വലിയ കരുത്ത് ആവശ്യമാണ്. ഓരോ ദിവസവും വിദേശ വിനിമയ വിപണിയിലൂടെ 5 ട്രില്യനോളം ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. യു എസ് ആദ്യമായി വിപണിയിൽ ഇടപെട്ട 1995 നെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണിത്.

ഈയൊരു സാഹചര്യത്തിൽ ഡോളറിന്റെ മൂല്യം ഇടിക്കുന്ന നടപടി ഉദ്ദേശിക്കാത്ത ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇടക്കാലത്തേക്ക് യുഎസ് കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുമെങ്കിലും അത് ഇറക്കുമതി ചിലവുകൾ ഉയർത്തുമെന്നും അമേരിക്കൻ കുടുംബങ്ങളുടെയും ബിസിനസ്സിന്റെയും ക്രയശേഷിയെ നഷ്ടപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മറ്റു രാജ്യങ്ങളും കറൻസി മൂല്യം കുറച്ചുകൊണ്ട് തിരിച്ചടിക്കുന്ന പക്ഷം അത് വിപരീത ഫലമുളവാക്കുകയും ചെയ്യും.

Other News