2024 ട്രംപിന് വീണ്ടും സാധ്യതയെന്ന് സര്‍വേ


NOVEMBER 27, 2020, 10:42 PM IST

അജു വാരിക്കാട്

ഹൂസ്റ്റണ്‍: ഒറ്റ ടേം മാത്രമേ താന്‍ പ്രസിഡന്റ് ആവുകയുള്ളൂ എന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചതിനാല്‍ 2024 ല്‍ ആര്‍ക്കൊക്കെയാണ് സാധ്യത എന്ന് ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ന്യൂസ്മാക്‌സ് / മക്ലോലിന്‍ എടുത്ത സര്‍വ്വേ പ്രകാരം  വലിയൊരു ഭൂരിപക്ഷം ആളുകളും ട്രംപിന്റെ  തിരിച്ചുവരവ് ആഗ്രഹിക്കുന്നു.  68% റിപ്പബ്ലിക്കന്‍സും പ്രൈമറിയിലെ നിഷ്പക്ഷരും ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.48 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ പ്രസിഡണ്ട് പദവി അംഗീകാര റൈറ്റിംഗ്  അനുകൂലിക്കുന്നവരാണ്. 52 ശതമാനം അമേരിക്കക്കാരും മാധ്യമങ്ങളുടെ ട്രംപിനെ പറ്റിയുള്ള കവറേജില്‍ അതൃപ്തി പ്രകടിപ്പിച്ചു.

ന്യൂസ്മാക്‌സ് / മക്ലോലിന്‍ എടുത്ത സര്‍വ്വേയുടെ ചില വിവരങ്ങള്‍ ചുവടെ.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റര്‍ ടെഡ് ക്രൂസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുള്‍പ്പെടെയുള്ള 13 പേരുടെ സാധ്യത ലിസ്റ്റുകളില്‍ നടത്തിയ സര്‍വ്വേയില്‍ 53 ശതമാനം റിപ്പബ്ലിക്കന്‍ പ്രൈമറി വോട്ടര്‍മാരും ട്രംപ് തിരിച്ചുവരണം എന്ന് അഭിപ്രായപ്പെടുന്നു. മൈക്ക് പെന്‍സ് 9% നേടി രണ്ടാം സ്ഥാനത്തെത്തി. മറ്റ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ ആരും നാല് ശതമാനത്തില്‍ കൂടുതല്‍ നേടാനായില്ല.2024 ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയിലേക്ക് 14 സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സര്‍വ്വേ നടത്തിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത് പോലും എത്താന്‍ മറ്റുള്ളവര്‍ക്ക് ആയില്ല . സര്‍വ്വേ പുറത്തുവിട്ട ജോണ്‍ മക്ലോലിന്‍ പറഞ്ഞു.

2024 ല്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നില്ലെങ്കില്‍  മൈക് പെന്‍സും ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡോണ്‍ ജൂനിയറും 20 ശതമാനം വോട്ട് നേടി. ട്രംപ് കുടുംബത്തില്‍ സജീവരാഷ്ട്രീയത്തില്‍ ഉള്ളത് ട്രംപിന്റെ മൂത്ത മകന്‍ ഡോണ്‍ ജൂനിയറാണ്. അതിനാലാണ് ഡോണിന്റെ പേരും സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഒക്ടോബറില്‍ 'ഡോണ്‍ ജൂനിയര്‍ 2024' എന്ന ഒരു നെയിം ബോര്‍ഡിന്റെ മുന്‍പില്‍ ഡോണ്‍ നില്‍ക്കുന്ന ചിത്രം ' ഇത് ലിബറലുകളുടെ തല പൊട്ടിത്തെറിപ്പിക്കും ' എന്ന തലവാചകം ചേര്‍ത്ത്  ട്വീറ്റ് ചെയ്തിരുന്നു.

Other News