വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ പ്രതീക്ഷകള്‍ ശക്തമാകുന്നതിനിടെ ധാരണയിലെത്താന്‍ തിടുക്കം കാണിക്കേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സമയം അമേരിക്കയുടെ പക്ഷത്താണെന്നതിനാല്‍ ഉടന്‍ കരാറിലെത്താന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്ന് പ്രതിനിധികളോട് നിര്‍ദേശിച്ചതായും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. കരാര്‍ പൂര്‍ണമായി അന്തിമമാക്കി ഒപ്പുവെക്കുന്നത് വരെ ഉപരോധം പൂര്‍ണ ശക്തിയില്‍ തുടരുമെന്നും ഇരു പക്ഷങ്ങളും സമയമെടുത്ത് കൃത്യമായ തീരുമാനത്തിലെത്തണമെന്നും തെറ്റുകള്‍ക്ക് ഇടവരരുതെന്നും ട്രംപ് കുറിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രൊഫഷണലും ഫലപ്രദവുമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും എന്നാല്‍ ഇറാന്‍ ആണവായുധമോ ആണവബോംബോ വികസിപ്പിക്കാനോ സ്വന്തമാക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിച്ച ട്രംപ് അബ്രഹാം അക്കോര്‍ഡില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേരുന്നതിലൂടെ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാകുമെന്നും അഭിപ്രായപ്പെട്ടു. ഒരുപക്ഷേ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അതില്‍ ചേരാന്‍ ആഗ്രഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് ബറാക്ക് ഒബമ ഒപ്പുവെച്ച ഇറാന്‍ ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അമേരിക്ക നടത്തിയ ഏറ്റവും മോശം കരാറുകളില്‍ ഒന്നായിരുന്നു ഒബാമ ഭരണകൂടത്തിന്റെ ഇറാന്‍ ആണവ കരാറെന്നും അത് ഇറാനെ ആണവായുധ വികസനത്തിലേക്ക് നേരിട്ട് നയിക്കുന്നതായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. നിലവിലെ ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്യുന്ന കരാര്‍ അതില്‍നിന്ന് പൂര്‍ണമായും വ്യത്യസ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗള്‍ഫ് മേഖലയിലെ നേതാക്കളുമായും പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറുമായും മികച്ച ചര്‍ച്ച നടത്തിയതായി ട്രംപ് അറിയിച്ചതിന് മണിക്കൂറുകള്‍ക്കുശേഷമാണ് പുതിയ പ്രതികരണം. ഇറാനും സമാധാനവുമായി ബന്ധപ്പെട്ട ധാരണാപത്രവും ചര്‍ച്ചകളിലെ പ്രധാന വിഷയമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ചര്‍ച്ച നടത്തിയതായും കരാറിന്റെ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായതായും ട്രംപ് പറഞ്ഞിരുന്നു. അന്തിമ വിശദാംശങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിര്‍ദേശിക്കപ്പെട്ട കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
