ത്രിദിന സന്ദര്‍ശനത്തിനായി  ട്രമ്പ് ബ്രിട്ടനില്‍ എത്തുന്നു


JUNE 3, 2019, 5:47 AM IST

ലണ്ടന്‍: ഒരു വശത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാവിലെ ബ്രിട്ടനില്‍ എത്തും. അന്നു വൈകുന്നേരം ട്രമ്പിന്റെയും പ്രഥമ വനിത മെലാനിയയുടെയും ബഹുമാനാര്‍ഥം എലിസബത്ത് രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തില്‍ അത്താഴ വിരുന്ന് ഒരുക്കും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ്, ബിര്‍മിങ്ഹാം, നോട്ടിങ്ഹാം തുടങ്ങിയ നഗരങ്ങളില്‍ റാലികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രമ്പിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതാണ്.

ടോറി നേതൃസ്ഥാനത്തേക്കു മത്സരിക്കുന്ന ബോറിസ് ജോണ്‍സണെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് യാത്ര പുറപ്പെടും മുമ്പ് 'ദ സണ്‍' പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രമ്പ് പറഞ്ഞു. വെസ്റ്റ്മിനിസ്റ്റര്‍ ആബി തിങ്കളാഴ്ച സന്ദര്‍ശിക്കുന്ന ട്രമ്പ് ചാള്‍സ് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. 

സെന്‍ട്രല്‍ ലണ്ടനിലെ റീജന്റ് പാര്‍ക്കിനടുത്തുള്ള അമേരിക്കന്‍ അംബാസഡറുടെ വസതിയിലാവും ട്രമ്പ് താമസിക്കുക. ചൊവ്വാഴ്ച പ്രധാനമന്ത്രി തെരേസ മേ യ്‌ക്കൊപ്പം പ്രാതല്‍ കഴിക്കുന്ന ട്രമ്പ് ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതാണ്.  ഇരു നേതാക്കളുടെയും സംയുക്ത പത്രസമ്മേളനവും ഉണ്ടാകും. 


Other News