ട്രംപിന്റെ നികുതിയുദ്ധം: കൂപ്പുകുത്തി അമേരിക്കൻ വിപണി


AUGUST 4, 2019, 3:24 AM IST

ന്യൂയോര്‍ക്ക്:ചൈനീസ് ഉൽപന്നങ്ങള്‍ക്ക് വീണ്ടും പത്തുശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയതിനു പിന്നാലെ അമേരിക്കന്‍ ഓഹരിവിപണികള്‍ തുടര്‍ച്ചയായ രണ്ടാംദിനവും കൂപ്പുകുത്തി.പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിന്റെ നീക്കം സമ്പദ്ഘടനയ്‌ക്ക് തിരിച്ചടിയാകുമെന്ന ഭയം പത്തുവര്‍ഷത്തിനിടെ ആദ്യമായി പലിശനിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിനെ പ്രേരിപ്പിച്ചു. നിര്‍മാണ മേഖലയില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാലാണ് ഈ നീക്കം.

വ്യാപാരയുദ്ധം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് ആരോപിച്ചുള്ള ട്രംപിന്റെ നീക്കത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് അമേരിക്കന്‍ വിപണിയെ ബാധിച്ചത്.അമേരിക്ക ചുമത്തിയ പുത്തന്‍ നികുതി സ്‌മാര്‍ട്ട്‌ഫോണ്‍ മുതല്‍ തുണിത്തരങ്ങള്‍ വരെ വിവിധ ഉൽപന്നങ്ങള്‍ക്ക്  സെപ്റ്റംബര്‍ ഒന്നിന് നിലവിൽവരും.

ചൈനീസ് ജനതയുടെ താൽപ്പര്യം സംരക്ഷിക്കാന്‍ ഉചിത തീരുമാനം ഉടനുണ്ടാകുമെന്ന് വിദേശകാര്യവക്താവ് പ്രതികരിച്ചു. അമേരിക്കയിലേക്കുള്ള മണല്‍ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് കാര്‍ നിര്‍മാണം, കാറ്റാടിയന്ത്ര നിര്‍മാണം എന്നിവയടക്കം അമേരിക്കിയിലെ നിര്‍മാണമേഖല ചൈനയില്‍നിന്നുള്ള ധാതു ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 

ട്രംപിന്റെ നീക്കം അമേരിക്കന്‍ കച്ചവടസ്ഥാപനങ്ങളെയും കര്‍ഷകരെയും തൊഴിലാളികളെയും ഉപയോക്താക്കളെയുമാണ് കൂടുതലായി ബാധിക്കുകയെന്ന് 30ലക്ഷം കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന യു എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതികരിച്ചു.പ്രസിഡന്റിന്റെ നീക്കം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിപണി വിദഗ്‌ധർ വിലയിരുത്തുന്നത്.

അതേസമയം, പത്തുശതമാനം നികുതി ചുമത്തുന്നത് തൽക്കാലത്തേക്കാണെന്നും 25 ശതമാനം വരെയുള്ള നികുതിവര്‍ധനയാണ് ലഷ്യമിടുന്നതെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

Other News