പൊതുസുരക്ഷ ചൂണ്ടിക്കാട്ടി 85,000 വിസകള്‍ യു.എസ്. റദ്ദാക്കി

പൊതുസുരക്ഷ ചൂണ്ടിക്കാട്ടി 85,000 വിസകള്‍ യു.എസ്. റദ്ദാക്കി


വാഷിംഗ്ടണ്‍: പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം വിവിധ വിഭാഗങ്ങളിലായി 85,000 വിസകള്‍ അമേരിക്ക റദ്ദാക്കിയതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതില്‍ 8,000ത്തിലധികം വിദ്യാര്‍ഥി വിസകളും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് ഈ എണ്ണം. മദ്യപിച്ച് വാഹനമോടിക്കല്‍ (DUI), ആക്രമണം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് വിസ റദ്ദാക്കലിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നും ഇത്തരം കേസുകള്‍ ആകെ റദ്ദാക്കലുകളുടെ പകുതിയോളം വരുന്നതായും അധികൃതര്‍ വ്യക്തമാക്കി. സമൂഹസുരക്ഷയ്ക്ക് നേരിട്ട ഭീഷണിയാകുന്നവരെ രാജ്യത്ത് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭരണകൂടമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അപേക്ഷകരുടെ കാര്യത്തില്‍ സുരക്ഷാ പരിശോധനയില്‍ പ്രത്യേക ജാഗ്രത തുടരുമെന്നും, എല്ലാ തലങ്ങളിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പാക്കാതെ വിസ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സമയം എത്ര എടുത്താലും സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും വിശദീകരിച്ചു.

സോഷ്യല്‍ മീഡിയ ഉള്ളടക്ക നിയന്ത്രണം, ഫാക്റ്റ് ചെക്കിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വിസ നിഷേധത്തിന്റെ അടിസ്ഥാനമാകുമോയെന്ന ചോദ്യത്തിന്, അഭിപ്രായ സ്വാതന്ത്ര്യം അമേരിക്കയുടെ അടിസ്ഥാന മൂല്യമാണെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന വിദേശികള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നും എന്നാല്‍ വിസ അനുവദിക്കുമ്പോള്‍ ഒരൊറ്റ കാര്യമല്ല, അപേക്ഷകന്റെ മുഴുവന്‍ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2021ലെ അഫ്ഗാന്‍ സൈനിക പിന്‍വലിക്കലിന് ശേഷമുള്ള സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് യു.എസ്. വിസ പരിശോധനാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ വിസ റദ്ദാക്കല്‍ സാധാരണമായ നടപടിയാണെങ്കിലും, ഇത്രയും വന്‍തോതിലുള്ള നടപടി പൊതുസുരക്ഷയ്ക്കാണ് അമേരിക്ക കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.