ആഗോള താരിഫുകള്‍ക്ക് തടയിട്ട് യു എസ് സുപ്രിം കോടതി; ട്രംപ് അമിതാധികാരം പ്രയോഗിച്ചെന്ന് വിധി

ആഗോള താരിഫുകള്‍ക്ക് തടയിട്ട് യു എസ് സുപ്രിം കോടതി; ട്രംപ് അമിതാധികാരം പ്രയോഗിച്ചെന്ന് വിധി


വാഷിംഗ്ടണ്‍: ആഗോള വ്യാപാരത്തെ ബാധിച്ച ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് യു എസ് സുപ്രിം കോടതിയുടെ തട. പ്രസിഡന്റിന്റെ അധികാരപരിധിക്കപ്പുറത്തേക്ക് താരിഫുകള്‍  ചുമത്തിയെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

6- 3 ഭൂരിപക്ഷത്തോടെ നല്‍കിയ വിധിയില്‍ ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ക്ക് അടിസ്ഥാനമായിരുന്ന ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രസിഡന്റിന് താരിഫ് ചുമത്താനുള്ള അധികാരം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സാണ് കോടതിയുടെ അഭിപ്രായം പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിട്ടോ, ബ്രട്ട് കാവനഫ് എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

പരിമിതിയില്ലാത്ത അളവിലും കാലാവധിയിലും വ്യാപ്തിയിലും ഏകപക്ഷീയമായി താരിഫ് ചുമത്താനുള്ള അസാധാരണ അധികാരമാണ് പ്രസിഡന്റ് അവകാശപ്പെടുന്നടെന്ന് റോബര്‍ട്‌സ് രേഖപ്പെടുത്തി. താരിഫുകള്‍ക്ക് ബാധകമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ള യാതൊരു നിയമവും ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അസാധാരണ അധികാരാവകാശം വിനിയോഗിക്കാന്‍ വ്യക്തമായ കോണ്‍ഗ്രസ് അനുമതി ആവശ്യമാണെന്നും അത് ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതോടെ ട്രംപ് ആഗോള തലത്തില്‍ പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫും ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം വരെ ഉയര്‍ന്ന തീരുവകളും റദ്ദായി. എന്നാല്‍ സ്റ്റീല്‍, അലുമിനിയം തുടങ്ങിയ പ്രത്യേക ഇറക്കുമതികള്‍ക്ക് വേറൊരു നിയമാധികാര പ്രകാരം ചുമത്തിയ താരിഫുകള്‍ക്ക് ഈ വിധി ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

ട്രംപ് താരിഫുകളെ തന്റെ പ്രധാന രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. വ്യാപാര കുറവ്, ഉയരുന്ന ദേശീയ കടം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുവകള്‍ സഹായിക്കുമെന്ന് അദ്ദേഹം പലപ്പോഴും അവകാശപ്പെട്ടിരുന്നു. കാനഡ, മെക്‌സിക്കോ പോലുള്ള ദീര്‍ഘകാല വ്യാപാര പങ്കാളികള്‍ക്കെതിരെ പോലും അധിക തീരുവ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം വരെ തീരുവ ചുമത്തിയതും വലിയ വിവാദമായിരുന്നു.

2025 ഏപ്രില്‍ 2ന് ലിബറേഷന്‍ ഡേയിലാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പുവെച്ച് ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത വ്യാപാര നയം ആരംഭിച്ചത്. വ്യാപാര കുറവിനെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് പ്രാബല്യത്തില്‍ വരുത്തിയാണ് സര്‍വദേശീയ 10 ശതമാനം അടിസ്ഥാന താരിഫ് നടപ്പാക്കിയതെന്ന് ഭരണകൂടം അറിയിച്ചു.

സുപ്രിം കോടതി വിധിയോടെ പ്രസിഡന്റിന്റെ അടിയന്തരാധികാരങ്ങളുടെ പരിധിയെക്കുറിച്ചുള്ള ഭരണഘടനാ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.