പാരിസ് : ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിലെ ആഭരണ കവര്‍ച്ചാ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് കേസെടുത്തതായി പാരിസ് പൊതു പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. കഴിഞ്ഞ മാസം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടി. ഇരുവരും കുറ്റം നിഷേധിച്ചു.
പുതുതായി അറസ്റ്റിലായ 37 കാരനായ പുരുഷനും 38 കാരിയായ സ്ത്രീയ്ക്കുമെതിരെയാണ് സംഘടിത കവര്‍ച്ചയും ഗൂഢാലോചനയും നടത്തിയതെന്ന കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തത്.
അതേസമയം, ഒക്ടോബര്‍ 29ന് അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ മൂന്നുപേരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
ഒക്ടോബര്‍ 19നാണ് നാലു പേരടങ്ങിയ മുഖംമൂടിയണിഞ്ഞ സംഘം ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വരുന്ന ലൂവ്രെ മ്യൂസിയത്തില്‍ കയറി ഏകദേശം 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന എട്ട് അമൂല്യ ആഭരണങ്ങള്‍ കവര്‍ന്നത്. വെറും ഏഴ് മിനിറ്റ് നീണ്ടുനിന്ന ഈ കവര്‍ച്ച ഫ്രാന്‍സില്‍ വലിയ പ്രതിഷേധത്തിനും ദേശീയതലത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിനും കാരണമായി.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ആഴ്ച, പ്രതികളിലൊരാളെ പാരിസ് ഷാര്‍ള്‍ ദെ ഗോള്‍ വിമാനത്താവളത്തില്‍ നിന്ന് അല്‍ജീരിയയിലേക്കുള്ള വിമാനം കയറാനൊരുങ്ങുമ്പോഴാണ് പിടികൂടിയത്. മറ്റൊരാളെ മാലിയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ലൂവ്രെ മ്യൂസിയം കവര്‍ച്ച: പ്രധാന പ്രതികളെന്ന് കരുതുന്ന യുവതിയും യുവാവും പിടിയില്‍; മൂന്നുപേരെ വിട്ടയച്ചു
