ആശങ്കയുടെ തീരത്ത് ജപ്പാന്‍: കൊറോണ സ്ഥിരീകരിച്ച 80കാരി മരിച്ചു


FEBRUARY 13, 2020, 11:50 PM IST

ടോക്കിയോ: കൊറോണ സ്ഥിരീകരിച്ച 80കാരി മരിച്ചതോടെ ജപ്പാനില്‍ ആശങ്ക വര്‍ധിക്കുന്നു. ടോക്കിയോക്കു സമീപം കനാഗവാ മേഖലയില്‍ താമസിക്കുന്ന 80കാരിയാണ് മരിച്ചത്. ഇവര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരണകാരണം കൊറോണ വൈറസാണോ പ്രായാധിക്യമാണോ എന്ന കാര്യത്തില്‍ ഇനിയും സ്ഥീരികരണം വന്നിട്ടില്ല. ജപ്പാനില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധിച്ച ഒരു രോഗി മരിക്കുന്നത്. 

വൃദ്ധയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തതയില്ലെന്നു ജപ്പാന്‍ ആരോഗ്യമന്ത്രി കട്‌സുനോബു കടോ അറിയിച്ചു. കൊറോണ വൈറസ് ബാധയാണോ വാര്‍ധക്യസഹജമായ മറ്റു ബുദ്ധിമുട്ടുകളാണോ മരണകാരണമായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വൃദ്ധയെ ഫെബ്രുവരി ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെത്തുടര്‍ന്ന് ഇവരുടെ രക്തം പരിശോധിക്കാനായി ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനാഫലം വന്നത് മരണശേഷമായിരുന്നു. അതുകൊണ്ടാണ് മരണകാര്യം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്നു അധികൃതര്‍ പറയുന്നത്. 

യോക്കോഹാമയില്‍ പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രി്ന്‍സസ് ക്പ്പലിലെ 200ലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മരണ വിവരം പുറത്തുവന്നത്. ഇതോടെ ആശങ്കയുടെ തീരത്താണ് ജപ്പാന്‍ ജനത. യാത്രക്കാരും ജീവനക്കാരുമായി 3700ലധികം പേരുള്ള കപ്പലില്‍നിന്ന് പരിശോധനക്കുശേഷം ആയിരത്തോളംപേരെ പുറത്തുവിട്ടിരുന്നു. ബാക്കിയെല്ലാവരും കപ്പലില്‍ തന്നെയാണ് കഴിയുന്നത്.