2030ൽ ചന്ദ്രനിലിറങ്ങാൻ ലക്ഷ്യം; ഒരു വർഷത്തെ ബഹിരാകാശ ദൗത്യത്തിന് ചൈനയുടെ ഷെൻഷൗ 23 ഇന്ന് പുറപ്പെടും

2030ൽ ചന്ദ്രനിലിറങ്ങാൻ ലക്ഷ്യം; ഒരു വർഷത്തെ ബഹിരാകാശ ദൗത്യത്തിന് ചൈനയുടെ ഷെൻഷൗ 23 ഇന്ന് പുറപ്പെടും


ബെയ്ജിംങ് :  ചൈനയുടെ മനുഷ്യ ബഹിരാകാശ പദ്ധതിക്ക് നിർണായക ചുവടുവെപ്പായി ഷെൻഷൗ23 ദൗത്യം ഞായറാഴ്ച വിക്ഷേപിക്കും. മൂന്ന് ബഹിരാകാശ യാത്രികരുമായി പുറപ്പെടുന്ന ഈ ദൗത്യത്തിൽ ഒരാൾ ഒരു വർഷം മുഴുവൻ ബഹിരാകാശ നിലയത്തിൽ തുടരാനാണ് പദ്ധതി. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യ ബഹിരാകാശ ദൗത്യമാകുമിത്.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോങ് മാർച്ച്2എഫ് വൈ23 റോക്കറ്റിലായിരിക്കും ഷെൻഷൗ23 വിക്ഷേപിക്കുന്നത്. കമാൻഡർ ഷു യാങ്ഷു, പൈലറ്റ് ഷാങ് യുവാൻഷി, പേലോഡ് സ്‌പെഷ്യലിസ്റ്റ് ലീ ജിയായിങ് എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻ ഹോങ്കോങ് പൊലീസ് ഇൻസ്‌പെക്ടറായ ലീ ജിയായിങ് ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ ഹോങ്കോങ് സ്വദേശിനിയാകും.
ചൈന മനുഷ്യദൗത്യ ബഹിരാകാശ ഏജൻസിയുടെ അറിയിപ്പുപ്രകാരം, ദൗത്യത്തിന്റെ പരോഗതി വിലയിരുത്തിയശേഷമായിരിക്കും ഒരു വർഷം മുഴുവൻ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ തുടരുന്ന യാത്രികനെ തീരുമാനിക്കുക. മനുഷ്യ ശരീരത്തിൽ ദീർഘകാല ബഹിരാകാശ ജീവിതം ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ചുള്ള പഠനമാണ് പ്രധാന ലക്ഷ്യം.

2030ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം. ഇതിനായി പുതിയ റോക്കറ്റുകളും ലാൻഡറുകളും ബഹിരാകാശ സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കുന്ന തിരക്കിലാണ് ബെയ്ജിങ്. 2035ഓടെ റഷ്യയുടെ സഹകരണത്തോടെ ചന്ദ്രനിൽ സ്ഥിരതാമസ കേന്ദ്രം സ്ഥാപിക്കാനും ചൈന ലക്ഷ്യമിടുന്നു.

ഇതിനിടെ നാസ 2028ൽ തന്നെ മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള ആർട്ടെമിസ് പദ്ധതിയുമായി മന്നേറുകയാണ്. അടുത്തിടെ നാല് അമേരിക്കൻ ബഹിരാകാശ യാത്രികർ ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ ചുറ്റിയുള്ള യാത്ര പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു.

അതേസമയം സ്‌പെസ് എക്‌സിന്റെ  അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റും കഴിഞ്ഞ ദിവസം വിജയകരമായ പരീക്ഷണ പറക്കൽ നടത്തി. ചാന്ദ്രദൗത്യങ്ങൾക്കും ഭാവിയിലെ ചൊവ്വാ യാത്രകൾക്കുമായി ഈ റോക്കറ്റിനെ ഉപയോഗിക്കാനാണ് അമേരിക്കയുടെ പദ്ധതി.

ചൈനയുടെ ഷെൻഷൗ ദൗത്യങ്ങൾ 2021 മുതൽ സ്ഥിരമായി മൂന്ന് പേരടങ്ങുന്ന സംഘങ്ങളെ ആറുമാസത്തേക്ക് ടിയാൻഗോംഗ് നിലയത്തിലേക്ക് അയച്ചുവരികയാണ്. പാകിസ്താനിൽ നിന്നുള്ള രണ്ട് ബഹിരാകാശ യാത്രികർക്കും ചൈന പരിശീലനം നൽകുന്നുണ്ട്. ഇവരിൽ ഒരാൾക്ക് ഈ വർഷം തന്നെ ടിയാൻഗോംഗ് ദൗത്യത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

ഷെൻഷൗ23 ദൗത്യത്തിൽ ടിയാൻഗോംഗ് നിലയവുമായി അതിവേഗ സ്വയം നിയന്ത്രിത ഡോക്കിംഗ് സംവിധാനം പരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കുള്ള നിർണായകമായ സാങ്കേതിക പരീക്ഷണമാണിത്.

ബഹിരാകാശത്തിലെ വികിരണങ്ങൾ, അസ്ഥി സാന്ദ്രത കുറയുക, മാനസിക സമ്മർദ്ദം തുടങ്ങിയവ മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ഈ ദൗത്യത്തിൽ പഠിക്കും. മനുഷ്യന്റെ ദീർഘകാല ബഹിരാകാശ ജീവിതവും പ്രജനന സാധ്യതകളും പഠിക്കാൻ 'കൃത്രിമ ഭ്രൂണ' പരീക്ഷണവും ചൈന ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.