ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തി ആക്രമണം; 10 പേര്‍ക്ക് പരിക്ക്; ഭീകരവിരുദ്ധ പോലീസ് അന്വേഷണം തുടങ്ങി

ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തി ആക്രമണം; 10 പേര്‍ക്ക് പരിക്ക്; ഭീകരവിരുദ്ധ പോലീസ് അന്വേഷണം തുടങ്ങി


ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ട്രെയിനിലുണ്ടായ കത്തി ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒമ്പത് പേരുടെ നില അതീവ ഗുരുതരമാണെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു.

ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടന്‍ കിംഗ്‌സ് ക്രോസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിംഗ്ഡണ്‍ സമീപം ട്രെയിന്‍ നിര്‍ത്തി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 7.42നാണ് സഹായം തേടി അടിയന്തരസേവനത്തിന് വിളി ലഭിച്ചത്.

ആക്രമണത്തെക്കുറിച്ച് പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് 'പ്രധാന സംഭവം'  ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതി കത്തി വീശി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. 'പോലീസ് 'ഗെറ്റ് ഡൗണ്‍' എന്ന് വിളിച്ചു, പിന്നെ അവനെ പിടികൂടി,' ദൃക്‌സാക്ഷികളില്‍ ഒരാളായ ഗാവിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവശേഷം സ്‌റ്റേഷനില്‍ ആയുധധാരികളായ പോലീസ് സംഘത്തെ വലിയ തോതില്‍ വിന്യസിച്ചിട്ടുണ്ട്. നിരവധി ആംബുലന്‍സുകളും എയര്‍ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 സംഭവം 'അത്യന്തം ആശങ്കാജനകം' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിലയിരുത്തി. അന്വേഷണത്തിന്റെ പുരോഗതി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് നിരീക്ഷിക്കുന്നതായി അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് പ്രധാന റെയില്‍ പാതയായ ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈന്‍ വഴിയുള്ള സര്‍വീസുകള്‍ നിലച്ചതായി ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ (LNER) അറിയിച്ചു. 'യാത്ര ഒഴിവാക്കണം' എന്നും കമ്പനി ഉപദേശിച്ചു.