കാബൂള്‍: സ്ഫോടനത്തില്‍ താലിബാന്‍ മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു. അഭയാര്‍ഥികളുടെയും സ്വദേശിവത്ക്കരണത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു ഹഖാനി. അഭയാര്‍ഥി മന്ത്രാലയത്തില്‍ തന്നെയാണ് ചാവേര്‍ ആക്രമണമായ സ്ഫോടനം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
അഭയാര്‍ഥി എന്ന രീതിയിലാണ് അക്രമി മന്ത്രാലയ പരിസരത്ത് എത്തിയത്. തന്റെ കടലാസുകള്‍ നോക്കി സഹായം തേടിയെത്തിയ അഭയാര്‍ഥി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് മന്ത്രാലയ വളപ്പിലേക്ക് വന്ന ഖലീല്‍ ഇടനാഴിയിലൂടെ പോകുമ്പോള്‍ അക്രമി ബോംബ് പൊട്ടിക്കുകയായിരുന്നു. സ്ഫോടനത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന കാര്യത്തില്‍ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ഐ എസ് ഖൊറാസാന്‍ പ്രവിശ്യയാണെന്നാണ് സംശയിക്കുന്നത്.
ശക്തമായ ഹഖാനി ശൃംഖലയിലെ അംഗമായിരുന്നു ഖലീല്‍. ഹഖാനി നെറ്റ്വര്‍ക്ക് സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനും താലിബാന്‍ ആഭ്യന്തര മന്ത്രി സിറാജ് ഹഖാനിയുടെ അമ്മാവനുമാണ്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ (യുഎന്‍എസ്സി) അനുസരിച്ച് പാക്കിസ്ഥാനിലെ ഫെഡറല്‍ ഭരണത്തിലുള്ള ഗോത്രമേഖലകളില്‍ വടക്കന്‍ വസീറിസ്ഥാന്‍ ഏജന്‍സിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന താലിബാന്‍ അഫിലിയേറ്റ് ചെയ്ത ഗ്രൂപ്പാണ് ഹഖാനി നെറ്റ്വര്‍ക്ക്.
2011-ലെ ഒരു റിപ്പോര്‍ട്ടില്‍, താലിബാനു വേണ്ടി ഹഖാനി ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സാമ്പത്തിക സഹായികളുമായി കൂടിക്കാഴ്ച നടത്താന്‍ ഹഖാനി നെറ്റ്വര്‍ക്കിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യാറുണ്ടെന്നും യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറയുന്നു.