തെഹ്‌റാന്‍: വിസ സംബന്ധമായ സങ്കീര്‍ണതകളും സുരക്ഷാ ആശങ്കകളും പരിഗണിച്ച് ഫിഫ ലോകകപ്പ് 2026നുള്ള പരിശീലന ക്യാമ്പ് അമേരിക്കയില്‍നിന്ന് മെക്‌സിക്കോയിലേക്ക് മാറ്റിയതായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫിഫയുമായും ടൂര്‍ണമെന്റ് സംഘാടകരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റത്തിന് അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ടൂസണാണ് ഇറാന്‍ പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ വര്‍ധിച്ച സംഘര്‍ഷാവസ്ഥയും യാത്രാ- പ്രവേശന നടപടികളിലെ അനിശ്ചിതത്വവും കാരണം സുരക്ഷിതമായ മറ്റൊരു കേന്ദ്രം തിരഞ്ഞെടുക്കാന്‍ ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് ലോകകപ്പ് കാലയളവില്‍ ഇറാന്‍ ടീമിന്റെ ആസ്ഥാനം മെക്‌സിക്കോയിലെ ടിജുവാനയായിരിക്കും. അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപം സാന്‍ ഡിയാഗോയുടെ തെക്കുഭാഗത്താണ് ടിജുവാന സ്ഥിതി ചെയ്യുന്നത്. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പരിശീലന ക്യാമ്പുകള്‍ക്ക് ഫിഫയുടെ അംഗീകാരം നിര്‍ബന്ധമാണെന്ന് മെഹ്ദി താജ് വ്യക്തമാക്കി. ഇസ്താംബൂളില്‍ ഫിഫ- ലോകകപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചകളും തെഹ്‌റാനില്‍നിന്ന് ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്‌സ്റ്റോമുമായി നടത്തിയ ഓണ്‍ലൈന്‍ യോഗവും പിന്നാലെയാണ് ക്യാമ്പ് മാറ്റാനുള്ള ആവശ്യം അംഗീകരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ക്രമീകരണം വിസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ നിരവധി ലോജിസ്റ്റിക് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ ടീമംഗങ്ങള്‍ക്കും സ്റ്റാഫിനും അമേരിക്കന്‍ വിസ ലഭിക്കാനുള്ള കാത്തിരിപ്പിലാണെന്ന് ഇറാനിയന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ സംവിധാനപ്രകാരം മത്സരങ്ങള്‍ക്കായി മാത്രമേ ഇറാന്‍ ടീം അമേരിക്കയിലേക്ക് യാത്ര ചെയ്യൂ. ഓരോ മത്സരത്തിനുശേഷവും ടീം ഉടന്‍ മെക്‌സിക്കോയിലേക്ക് മടങ്ങും.
ജൂണ്‍ 15ന് ലോസ് ആഞ്ചലസില്‍ ന്യൂസിലന്‍ഡിനെതിരെയും ജൂണ്‍ 21ന് അതേ വേദിയില്‍ ബെല്‍ജിയത്തിനെതിരെയും ജൂണ്‍ 26ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.
വിസ നടപടികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ടൂര്‍ണമെന്റ് കാലയളവില്‍ ഇറാനിയന്‍ പ്രതിനിധി സംഘത്തിന് ലഭിക്കുന്ന പരിഗണന എന്നിവ സംബന്ധിച്ച് ഫിഫയില്‍നിന്ന് ഉറപ്പുകള്‍ തേടിയതായും മെഹ്ദി താജ് അറിയിച്ചു.
2026 ലോകകപ്പ് ഇറാന്റെ തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പ് പങ്കാളിത്തവും ആകെ ഏഴാമത്തേതുമാകും. എന്നാല്‍ ഇതുവരെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല.
