ഷിക്കാഗോ മേയറായി ലോറി ലൈറ്റ്ഫുട് തെരഞ്ഞെടുക്കപ്പെട്ടു; ഈ സ്ഥാനത്ത് എത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരി


APRIL 3, 2019, 8:40 PM IST

ഷിക്കാഗോ: അമേരിക്കയുടെ മൂന്നാമത്തെ വലിയ നഗരത്തിന്റെ ഭരണ ചുമതല ഇനി മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ലോറി ലൈറ്റ്ഫുടിന്റെ കൈകളില്‍. ഷിക്കാഗോ മേയര്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ലെറ്റ്ഫുട് 76 ശതമാനം വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍#ിയും കുക്ക് കൗണ്ടി ബോര്‍ഡ് പ്രസിഡന്റുമായ റ്റാണി പ്രിക്‌വിങ്കിളിന് 26 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഷിക്കാഗോ മേയര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ലെറ്റ്ഫുട്. താന്‍ സ്വവര്‍ഗക്കാരിയാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് പ്രചാരണം നടത്തിയ ലൈറ്റ്ഫുട് വിജയിച്ചതിനു ശേഷം നടത്തിയ പ്രസംഗത്തിലും തന്റെ ലക്ഷ്യം ആവര്‍ത്തിച്ചു. നഗരത്തിന്റെ ശക്തമായ അഴിമതി ചങ്ങല തകര്‍ക്കുമെന്ന് അവര്‍ അനുയായികള്‍ക്ക് ഉറപ്പു നല്‍കി. പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ക്ക് ഈ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ കഴിഞ്ഞുവെന്നത് കുറച്ചു കാലം മുമ്പ് ചിന്തിക്കാന്‍ കവിയാത്ത കാര്യമായിരുന്നുവെന്ന് ലെറ്റ്ഫുടിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച പ്രിക്‌വിങ്കിള്‍ പറഞ്ഞു. 14 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി 26 നു നടന്ന ഏര്‍ലി റൗണ്ട് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് ഇവര്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 

അതിക്രമങ്ങളുടെ വേലിയേറ്റവും, പോലീസിലുള്ള വിശ്വാസക്കുറവും, കുറഞ്ഞു വരുന്ന ജനസംഖ്യയും, നിലനില്‍പിനു വേണ്ടി ബദ്ധപ്പെടുന്ന പബ്ലിക് സ്‌കൂളുകളും, നികുതി വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ നിരാശയുമുള്‍പ്പെടെ നിരവധിയായ പ്രശ്‌നങ്ങളാണ് പുതിയ മേയറെ കാത്തിരിക്കുന്നത്. പ്രചാരണ വേളയില്‍ രാഷ്ട്രീയ അഴിമതി സംവിധാനങ്ങളുമായി പ്രിക് വിങ്കിളിന് ബന്ധമുണ്ടെന്ന് ലെറ്റ്ഫുട് ആരോപിച്ചിരുന്നുവെങ്കിലും വിജയച്ചതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നഗരത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 


Other News