അമേരിക്ക-ഇറാൻ ധാരണയ്ക്ക് വഴിതുറക്കുമോ? സമ്പുഷ്ട യുറേനിയം കൈമാറലും ഹോർമുസ് കടലിടുക്ക് തുറക്കലും ചർച്ചയിൽ

അമേരിക്ക-ഇറാൻ ധാരണയ്ക്ക് വഴിതുറക്കുമോ? സമ്പുഷ്ട യുറേനിയം കൈമാറലും ഹോർമുസ് കടലിടുക്ക് തുറക്കലും ചർച്ചയിൽ


വാഷിംഗ്ടൺ: ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം ഉപേക്ഷിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ തയ്യാറായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ധാരണ വൈകാതെ പ്രഖ്യാപിക്കാമെന്ന സൂചനകൾക്കിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 

യുറേനിയം കൈമാറാൻ പൊതുവായ ധാരണാപത്രത്തിൽ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.  എന്നാൽ അതിന്റെ കൃത്യമായ നടപടിക്രമങ്ങൾ ഇനിയും അന്തിമമായിട്ടില്ല. അതേസമയം, യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും തയ്യാറായ ധാരണാപത്രത്തിന് ടെഹ്രാൻ അനുമതി നൽകിയതായും മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

400 കിലോഗ്രാമിലേറെ ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആണവായുധ നിലവാരത്തിന് സമീപമുള്ള ഈ യുറേനിയം വിദേശത്തേക്ക് അയക്കരുതെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമെനെയി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ചർച്ചയിലിരിക്കുന്ന പുതിയ കരാറിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ള 25 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ സ്വത്തുക്കൾ അമേരിക്ക വിട്ടുനൽകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമായേക്കാമെന്നാണ് സൂചന.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്കും വലിയ പ്രാധാന്യമുണ്ട്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുകയും വാണിജ്യ കപ്പൽ ഗതാഗതം സ്വതന്ത്രമാക്കുകയും ടോൾ ഈടാക്കാതെ കടലിടുക്ക് തുറക്കുകയും ചെയ്യുന്നതാണ് ചർച്ചയിലുള്ള പ്രധാന കാര്യങ്ങൾ.

ഇതിനിടെ 'കരാറിന്റെ ഭൂരിഭാഗവും ചർച്ച ചെയ്ത് തീർന്നിട്ടുണ്ട്' എന്ന് ഡോണൾഡ് ട്രംപ് തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായും നല്ല ചർച്ചകൾ നടന്നുവെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ അന്തിമ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കരാർ പൂർത്തിയായെന്ന ട്രംപിന്റെ അവകാശവാദത്തെ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസി വിമർശിച്ചു. ഇനിയും നിരവധി നിർണായക വിഷയങ്ങളിൽ ധാരണയാകാനുണ്ടെന്നാണ് ഇറാന്റെ നിലപാട്.

അടുത്ത ഘട്ട ചർച്ചകൾക്ക് പാകിസ്താൻ വേദിയാകാമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അമേരിക്കയുടെയും ഇറാന്റെയും നേതാക്കൾ തമ്മിലുള്ള അടുത്ത കൂടിക്കാഴ്ച പാകിസ്താനിൽ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഈ ചർച്ചകൾ വിജയിച്ചാൽ ആഗോള എണ്ണവിപണിയിലും സുരക്ഷാ സാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.