കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


JUNE 16, 2019, 1:42 PM IST

ഹോങ്കോങ്ങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു, നിയമനിര്‍മ്മാണം ഭേദഗതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും കുടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം അറിയിച്ചു.


ബില്ലില്‍ അടുത്ത നീക്കം തീരുമാനിച്ചിട്ടില്ല. ബില്‍ മരവിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു. പുതിയ തീരുമാനത്തോടെ ഹോങ്കോങില്‍ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രത്യാശയെന്ന് അധികൃതര്‍ അറിയിച്ചു.  


ധാരാളം ന്യൂനതകള്‍ ബില്ലിലുണ്ടായിരുന്നുവെന്നും അത് സമൂഹത്തില്‍ ഭിന്നതക്കിടയാക്കിയെന്നും ലാം അംഗീകരിച്ചു. ഹോങ്കോങ് പൗരന്‍മാരെയും ഹോങ്കോങ്ങ് നഗരത്തിലൂടെ സഞ്ചരിക്കുകയോ അവിടെ ജീവിക്കുകയോ ചെയ്യുന്ന വിദേശ പൗരന്‍മാരെയും കുറ്റം ചുമത്തപ്പെട്ടാല്‍ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു വിവാദ നിയമഭേദഗതി. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് ഹോങ്കോങ്ങില്‍ അരങ്ങേറിയിത്.


പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്നത്. യുവാക്കളായിരുന്നു ഈ പ്രതിഷേധക്കാരില്‍ ഭൂരിഭാ?ഗവും. കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനം നടത്തിയത്. 2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനാണ് ഈ വിഷയത്തില്‍ ഹോങ്കോങ് സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരായാണ് നിലപാടെടുത്തത്.


എന്നാല്‍, ലാമിന്റെ പ്രഖ്യാപനത്തെ സമരനേതാക്കള്‍ നേതാക്കള്‍ തള്ളി. ലാം രാജി വെക്കണമെന്നും ബില്‍ പിന്‍വലിക്കാനും പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. പുതിയ ബില്ല് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.


ബില്ലിനെ എതിര്‍ത്തുള്ള പ്രതിഷേധത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് പങ്കെടുത്തത്. പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് റബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തിരുന്നു. ചൈനക്ക് കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമായ ബാങ്കോങ് 1997 മുതല്‍ ചൈനീസ് പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണ്.

ചൈനയെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യന്‍ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി. പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ചൈനയുടെ നിലപാട്. 1997-ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. 

Other News