ടോക്കിയോ: ജപ്പാന്റെ വടക്കന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ 7.6 തീവ്രതയുള്ള ശക്തമായ ഭൂചലനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 8ന് രാത്രി 11.15ന് ആഓമോറി തീരമേഖലയില്‍ ഉണ്ടായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൊക്കൈഡോയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും മറ്റു പരിക്കുകള്‍ സാരമുള്ളതല്ലെന്നും ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി വ്യക്തമാക്കി.
ഏകദേശം 30 സെക്കന്‍ഡോളം ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഹൊക്കൈഡോയില്‍ ഭൂചലനസമയത്ത് സ്മാര്‍ട്ട് ഫോണ്‍ അലാറങ്ങള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആഓമോറിയില്‍ ചില ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍ പൊട്ടി റോഡുകളില്‍ വീണതും, ഏകദേശം 2,700 വീടുകള്‍ക്ക് താത്കാലികമായി വൈദ്യുതി നിലച്ചതായും ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളില്‍ തീപിടിത്ത വിവരം ലഭിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആദ്യം തീരദേശ മേഖലകളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള സുനാമി തരംഗങ്ങള്‍ ഉണ്ടാകാമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി ആയിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രേഖപ്പെടുത്തിയത് 70 സെന്റീമീറ്റര്‍ വരെ ഉയരമുള്ള തരംഗങ്ങളായതിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പരിശോധനയ്ക്കുശേഷം പുനരാരംഭിച്ചു. ആഓമോറിയിലെ ഹിഗാശിദോരി, മിയാഗിയിലെ ഓനഗാവ ആണവ നിലയങ്ങളില്‍ അസാധാരണതകളൊന്നും കണ്ടെത്തിയില്ലെന്ന് വൈദ്യുതി കമ്പനികള്‍ അറിയിച്ചു.
ഭൂചലനത്തിനു പിന്നാലെ അടുത്ത ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി സനായേ ടക്കൈചി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'കാലാവസ്ഥാ ഏജന്‍സിയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും ഫര്‍ണിച്ചറുകള്‍ ഉറപ്പിച്ച് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം,' എന്നും അവര്‍ പറഞ്ഞു. പസഫിക് റിംഗ് ഓഫ് ഫയറിലെ നാല് വലിയ ഭൂതല ഫലകങ്ങളുടെ സംഗമസ്ഥാനത്തുള്ള ജപ്പാനില്‍ പ്രതിവര്‍ഷം ശരാശരി 1500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും എല്ലാം തന്നെ അപകടരഹിതമല്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ജപ്പാനെ നടുക്കി 7.6 തീവ്രതയുള്ള ഭൂചലനം; 10 പേര്‍ക്ക് പരിക്ക്, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
