ഇമ്രാൻ ഖാന് അമേരിക്കയിൽ തണുപ്പൻ സ്വീകരണം 


JULY 21, 2019, 10:39 PM IST

വാഷിംഗ്‌ടൺ: അമേരിക്കന്‍ സന്ദര്‍ശനത്തിനായെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തണുത്ത സ്വീകരണം.ഉയർന്ന നേതാക്കളോ ഉദ്യോഗസ്ഥരോ ആരും പാകിസ്‌താൻ രാഷ്ട്രത്തലവനെ സ്വീകരിക്കാൻ എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.പ്രോട്ടോകോള്‍ പ്രകാരം പേരിന് ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് വിമാനത്താവളത്തില്‍ എത്തിയത്. 

വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താറുണ്ട്.ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വിമാനത്തിലെ യാത്ര ഒഴിവാക്കിയ ഇമ്രാന്‍, കൊമേഴ്‌സ്യല്‍ വിമാനത്തിലാണ് യു എസിലെത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിയാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.യു എസിലെ പാക് അംബാസഡര്‍ അസദ് എം. ഖാനും ഉണ്ടായിരുന്നു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ എത്തിയത്.പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഇമ്രാന്‍ഖാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.2012 ല്‍ അമേരിക്കയിലെത്തിയ ഇമ്രാന്‍ ഖാനെ ടൊറന്റോ വിമാനത്താവളത്തില്‍  അമേരിക്കന്‍ അധികൃതര്‍ തടഞ്ഞത് വിവാദമായിരുന്നു.

പ്രധാനമന്ത്രിയായ ശേഷം ഇമ്രാന്‍ ഖാന്‍ ആദ്യമായി യു എസിലെത്തിയത് പാകിസ്‌താൻ ആഘോഷിക്കുമ്പോഴാണ് സുഖകരമല്ലാത്ത പര്യടനത്തുടക്കം.എന്തായാലും അമേരിക്കയിലെയും പാകിസ്‌താനിലെയും ജനങ്ങള്‍  സംഭവത്തെ സോഷ്യൽ മീഡിയയിൽ നന്നായി ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററില്‍ ഇമ്രാനെ പരിഹസിച്ചും യു എസിനെ വിമര്‍ശിച്ചും അവര്‍ രംഗത്തെത്തി. 

പാകിസ്‌താൻ ലോകകപ്പില്‍ നന്നായി കളിച്ചില്ലെന്ന് തനിക്കറിയാമെന്നും എന്നാല്‍ ഈ ശിക്ഷ കൂടിപ്പോയെന്നുമായിരുന്നു ഒരാളുടെ പരിഹാസം.ഖാനെ അമേരിക്കയിൽ സ്വീകരിച്ചവരെല്ലാം തന്നെ പാകിസ്‌താൻകാരാണെന്ന കാര്യം മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. 

ഡോണള്‍ഡ് ട്രംപ്  അമേരിക്കൻ പ്രസിഡന്റായ ശേഷം പാകിസ്‌താനുമായുള്ള  ബന്ധത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.പാകിസ്‌താൻ  തീവ്രവാദത്തെ  പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലുകളാണ്  കാരണം. 

Other News