ഇസ്ലാമാബാദ്: മോഡി സര്‍ക്കാറിനെ നാസി ഭരണകൂടത്തോട് ഉപമിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നാസി ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കാശ്മീര്‍ വിഷയത്തിലെ അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ മൗനം ഹിറ്റ്ലറിനെ പ്രീതിപ്പെടുത്തിയതിന് തുല്യമാണെന്നും ഇമ്രാന് ഖാന് പറഞ്ഞു. കഴിഞ്ഞയാഴ്ച കാശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പട്ടാളം ജനങ്ങളോട് വീടുകളിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ജീപ്പില്‍ റോന്തുചുറ്റുന്നതും കടകള്‍ അടപ്പിക്കുന്നതും ടെലവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രദേശത്തെ ലാന്റ്ലൈന്,മൊബൈല്‍ഫോണുകള്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം സ്തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇമ്രാന് ഖാന് പ്രതികരണവുമായെത്തിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കാശ്മീരിന്റെ കുത്തകാവകാശം കാശ്മീരികളില്‍ നിന്നും മാറ്റാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ തീരുമാനം സംസ്ഥാനത്തെ ജനസംഖ്യാനുപാതം അട്ടിമറിക്കുന്നതാണ്. ഇത് ഹിറ്റ്ലര്‍ നടത്തിയ വംശഹത്യയ്ക്ക് തുല്യമാണ് എന്നുമാത്രമല്ല ഹിറ്റ്ലറുടെ ആര്യമേധാവിത്തം പോലെ വംവിനാശകരവുമാണ്. ഇമ്രാന് ഖാന് പ്രതികരിച്ചു.
മോഡിയുടെ ഹിന്ദുമേധാവിത്ത പ്രത്യയശാസ്ത്രം കാശ്മീരില്‍ ആരംഭിച്ച് ഇന്ത്യ മുഴുവന്‍ പടരുകയും പിന്നീട് പാക്കിസ്ഥാനെ ലക്ഷ്യമാക്കുകയും ചെയ്യും. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ഇസ്ലാം മതവിശ്വാസികളാണ് അവരുടെ ലക്ഷ്യം. ഈ അവസരത്തില്‍ അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ താന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണെന്ന് ഇമ്രാന് ഖാന് പറയുന്നു. ഇത് സംബന്ധിച്ച് ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനിയോട് ഫോണില്‍ സംസാരിച്ചുവെന്നും ഉടന്‍ തന്നെ താന്‍ ഐക്യരാഷ്ട്രസഭയില്‍ പരാതി ബോധിപ്പിക്കുമെന്നും ഇമ്രാന് ഖാന് അറിയിച്ചു.