തെഹ്‌റാന്‍: അമേരിക്കയുമായുള്ള കരാറിന് ഇറാന്‍ നിരവധി നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാലയളവില്‍ ഇറാനിയന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ ഇളവുനല്‍കാന്‍ വാഷിങ്ടണ്‍ തയ്യാറാകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഇതോടെ നിലവിലെ ഉപരോധ നിയന്ത്രണങ്ങള്‍ക്കിടയിലും ഇറാന് എണ്ണ കയറ്റുമതി തുടരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രാഥമിക ധാരണയിലെ വ്യവസ്ഥകള്‍ ഇരു പക്ഷങ്ങളും അംഗീകരിച്ചാല്‍ ആദ്യം ഒരു ധാരണാപത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടെന്നാണ് സൂചന. അമേരിക്കയുടെ സഖ്യകക്ഷിയായ സയണിസ്റ്റ് ഭരണകൂടവും ലെബനനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന നിര്‍ദേശവും കരടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാവിക ഉപരോധവും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നടപടികള്‍ നടപ്പാക്കുന്നതിന് 30 ദിവസത്തെ സമയപരിധിയും ആണവ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രത്യേകമായി 60 ദിവസത്തെ ചര്‍ച്ചാ കാലയളവും നിശ്ചയിക്കാനാണ് നിര്‍ദേശം. ഇതുവരെ തന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നടപടിക്കും ഇറാന്‍ സമ്മതം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എല്ലാ മേഖലകളിലെയും യുദ്ധാവസ്ഥ അവസാനിപ്പിക്കണമെന്നും ഇറാന്റെ ചുറ്റുപാടുകളില്‍നിന്ന് അമേരിക്കന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കണമെന്നും ധാരണാപത്രത്തില്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഇറാന്‍ ആണവ ശേഖരം കുറയ്ക്കാനും ഉപകരണങ്ങള്‍ നീക്കാനും ആണവ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും തയ്യാറായെന്ന തരത്തിലുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകളും ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമ കരട് കരാര്‍ പരിശോധിച്ചപ്പോള്‍ ഇത്തരം അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ പ്രകാരം അമേരിക്ക- ഇറാന്‍ കരട് കരാറില്‍ ഇറാന്റെ ആണവ ബാധ്യതകളെ സംബന്ധിച്ച യാതൊരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ല. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള പ്രത്യേക 60 ദിവസത്തെ ചര്‍ച്ചാ ഘട്ടത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ ആണവ ശേഖരം കൈമാറുക, ഉപകരണങ്ങള്‍ പൊളിച്ചുനീക്കുക, കേന്ദ്രങ്ങള്‍ അടയ്ക്കുക, ആണവായുധ വികസനം ഒഴിവാക്കാമെന്ന് ഉറപ്പുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കരട് കരാറിന്റെ ഭാഗമല്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ മുഴുവനായോ ഭാഗികമായോ മോചനം അനുവദിക്കാന്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന തോതില്‍ കപ്പല്‍ ഗതാഗതം ഇറാന്റെ നിയന്ത്രണത്തില്‍ പുനഃസ്ഥാപിക്കാനും നാവിക ഉപരോധം നീക്കാനും കരട് വ്യവസ്ഥ ചെയ്യുന്നതായും സൂചനയുണ്ട്.
കൂടാതെ ചര്‍ച്ചാ കാലയളവില്‍ ഇറാന്റെ എണ്ണ, വാതകം, പെട്രോകെമിക്കല്‍ മേഖലകള്‍ക്കെതിരായ ഉപരോധങ്ങളില്‍ താത്ക്കാലിക ഇളവ് അനുവദിക്കുമെന്നും ഇതിലൂടെ രാജ്യത്തിന് ഉത്പന്നങ്ങള്‍ സ്വതന്ത്രമായി കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
